IndiaNEWS

കോണ്‍ട്രാക്ടർമാരില്‍നിന്ന് ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങുന്നു; ആരോപണത്തില്‍ പ്രിയങ്കഗാന്ധിക്കെതിരെ മധ്യപ്രദേശില്‍ കേസ്

ഇൻഡോർ: അഴിമതി ആരോപണം ഉന്നയിച്ച പ്രിയങ്കഗാന്ധിയും കമൽനാഥും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ മധ്യപ്രദേശിൽ കേസ്. കോൺട്രാക്ടർമാരിൽനിന്ന് ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന ആരോപണത്തിലാണ് നടപടി. നിയമസഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടക മോഡൽ പ്രചാരണം മധ്യപ്രദേശിലും സജീവമാക്കാനുള്ള കോൺഗ്രസ് നീക്കത്തിനിടയിലാണ് കേസ്. കർണാടകയിൽ ബിജെപി സർക്കാരിൻറെ അടിത്തറയിളകിയത് നാൽപ്പത് ശതമാനം കമ്മീഷനനെന്ന കോൺഗ്രസിൻറെ പ്രചാരണമായിരുന്നു. ആ പ്രചരണം ആണ് മധ്യപ്രദേശിലും കോൺഗ്രസ് ആവർത്തിക്കുന്നത്. നിർമാണ പദ്ധതികളുടെ തുക ബിജെപി നേതാക്കൾക്കുള്ള അൻപത് ശതമാനം കമ്മീഷൻ കഴിഞ്ഞിട്ടാണ് തങ്ങൾക്ക് കിട്ടുന്നതെന്ന പരാതി കോൺട്രാക്ടർമാരുടെ ഒരു സംഘം സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് നൽകിയെന്നായിരുന്നു പാർട്ടി ആരോപണം.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പങ്ക് വെച്ച് ആരോപിച്ചു. സംഭവത്തിൽ ഭോപ്പാലിലും ഇൻഡോറിലുമാണ് കേസ് എടുത്തിരിക്കുന്നത്. ആരോപങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യാജമായ പരാതി കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി . രാഹുൽഗാന്ധി നുണ പറയുമ്പോൾ പ്രിയങ്ക തെറ്റായ വിവരം ട്വീറ്റ് ചെയ്യുന്നുവെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്ത മിശ്ര പറഞ്ഞു.

ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെതിരെ ആയിരക്കണക്കിന് അഴിമതി കേസുകൾ ഉണ്ടെന്നും എത്രപേർക്കെതിരെ കേസെടുക്കേണ്ടി വരുമെന്നും കോൺഗ്രസ് നേതാവ് കമൽനാഥ് ചോദിച്ചു. അന്വേഷിച്ചാൽ ഒരു കത്തല്ല ഇരുനൂറ് കത്തെങ്കിലും കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ഈ വർഷം അവസാനം നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വരുന്ന ലോക്സഭ തെരഞ്ഞടുപ്പിനെയും സ്വാധീനിക്കുമെന്നതിനാൽ ഒരു സാധ്യതയും ഒഴിവാക്കാതെയാണ് ബിജെപി കോൺഗ്രസ് പാർട്ടികൾ അങ്കത്തിനിറങ്ങിയിരിക്കുന്നത്.

Back to top button
error: