തൃശൂർ: തൃശൂരിലെ ധനകാര്യ സ്ഥാപനമായ പുരം ഫിൻസെർവിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. പൂരം ഫിൻസെർവിന്റെ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.
പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനത്തിൽ അഞ്ചു ലക്ഷം മുതൽ അമ്പത് ലക്ഷം വരെ നിക്ഷേപിച്ചു കുടുങ്ങിയ നിരവധിപേരാണ് സമരവുമായി പൂരം ഫിൻസെർവിന് മുന്നിലെത്തിയത്. റിസർവ്വ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാലാണ് നിക്ഷേപകർ കൂട്ടത്തോടെ ഇവിടേക്ക് എത്തിയത്. മൂവായിരത്തിലേറെ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്നാണ് സമര സമിതി ആരോപിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നൽകാതെ വന്നതോടെയാണ് നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി പൊലീസിനെയും റിസർവ്വ് ബാങ്കിനെയും സമീപിച്ചത്.
പരാതി നൽകി ഒരു കൊല്ലത്തിലേറെയായിട്ടും ബാങ്ക് ഡയറക്ടർമാരായ അനിൽ, സുനിൽ എന്നീ സഹോദരന്മാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ഇവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തുടർ സമരമല്ലാതെ മറ്റു വഴിയില്ലെന്നും നിക്ഷേപകർ പറയുന്നു. ഇരുനൂറു കോടിയിലേറെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.