തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സബ്സിഡിയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനം ഉയർന്നതോടെയാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ സർക്കാർ ഇടപെടൽ.
അതേ സമയം, ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാകും വിതരണം ചെയ്യുക. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലെന്ന വ്യാപക പരാതി കൂടി ഉയരുമ്പോഴാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാക്കുമെന്നാണ് സർക്കാർ വാഗ്ദാനം.
നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ പത്ത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി വിപണന കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ കൂപ്പണുകള്‍ നല്‍കും.കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി സ്റ്റോറുകള്‍,ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍,പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവ മുഖനയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓണക്കാലത്ത് 200 കോടി രൂപയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.