KeralaNEWS

ട്രെയിനില്‍ നിന്നും യാത്രക്കാരിയെ അര്‍ധരാത്രി ഇറക്കിവിട്ടെന്ന് പരാതി

തിരുവനന്തപുരം: മംഗളൂരുവില്‍ നിന്നു ജൂലൈ 30നു പുറപ്പെട്ട തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്നും യാത്രക്കാരിയെ അര്‍ധരാത്രി ആര്‍പിഎഫും ടിക്കറ്റ് പരിശോധകരും ചേര്‍ന്ന് ഇറക്കിവിട്ടെന്നു പരാതി.

തിരുവനന്തപുരത്ത് സോഫ്റ്റ്‌വെയര്‍ എൻജിനീയറായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി കെ.ജയ സ്മിതയെ ആണ് ഇറക്കിവിട്ടത്.തന്നെ ഇറക്കിവിട്ടെന്നാരോപിച്ചു റെയില്‍വേ ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍ക്കു സ്മിത പരാതി നല്‍കി.

Signature-ad

സംഭവത്തെക്കുറിച്ച്‌ ജയ സ്മിത പറയുന്നു: ”ജൂലൈ 30നു വടക്കാഞ്ചേരി സ്റ്റേഷനില്‍ നിന്നു തിരുവനന്തപുരത്തേക്കു വരാൻ ജൂലൈ 22നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണു ടിക്കറ്റ് ബുക്ക് ചെയ്തത്. സ്ലിപ്പില്‍ വിവരങ്ങളെല്ലാം എഴുതി നല്‍കി ടിക്കറ്റ് വാങ്ങി. 30നു രാത്രി ഒൻപതരയോടെ വടക്കാഞ്ചേരിയില്‍ നിന്നു ട്രെയിനില്‍ കയറി എസ് 4 കംപാര്‍ട്മെന്റിലെ 41-ാം നമ്ബര്‍ സീറ്റിലെത്തിയപ്പോള്‍ അവിടെ മറ്റൊരാള്‍ കിടക്കുന്നതു കണ്ടു. ബുക്ക് ചെയ്ത സീറ്റ് ലഭിക്കാത്തതിനാല്‍ ടിടിഇയെ വിളിച്ചു.

എന്റെ ടിക്കറ്റ് റദ്ദാക്കിയതായി കാണിക്കുന്നുവെന്നും യാത്ര തുടരണമെങ്കില്‍ പിഴ അടയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടിക്കറ്റ് ഞാൻ റദ്ദാക്കിയിട്ടില്ലെന്നും പിഴ അടയ്ക്കാൻ തയാറല്ലെന്നും പറഞ്ഞു. വേറെയും ടിടിഇമാരും ആര്‍പിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി എന്നോടു മോശമായി സംസാരിച്ചു.

രാത്രി 11 കഴിഞ്ഞ് ആലുവയിലെത്തിയപ്പോള്‍ ട്രെയിൻ പിടിച്ചിട്ടു. എന്നെ വലിച്ചിറക്കി സ്റ്റേഷനില്‍ കൊണ്ടുപോയി അനധികൃത യാത്രക്കാരിയാണെന്ന് ആരോപിച്ചു കേസെടുത്തു. മാനസികമായി തളര്‍ന്ന ഞാൻ മറ്റൊരു ട്രെയിനില്‍ തിരുവനന്തപുരത്തെത്തി. കഴിഞ്ഞ ദിവസം ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍ക്കു പരാതി നല്‍കി. ഞാൻ എഴുതി നല്‍കിയ ഫോണ്‍ നമ്ബര്‍ തെറ്റായി വായിച്ച്‌ എന്റര്‍ ചെയ്ത ജീവനക്കാരൻ 3നു പകരം 5 ടൈപ്പ് ചെയ്തെന്നും ആ നമ്ബറിലേക്കു ടിക്കറ്റ് കണ്‍ഫര്‍മേഷൻ മെസേജ് എത്തിയപ്പോള്‍ ആ നമ്ബറിന്റെ ഉടമ ടിക്കറ്റ് റദ്ദാക്കിയതാകാമെന്നുമാണ് അവര്‍ പറഞ്ഞത്. ഞാനെഴുതിയ സ്ലിപ് അവര്‍ കാണിച്ചു തന്നു. അതില്‍ വ്യക്തമായി നമ്ബര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഞാൻ കണ്ടതാണ്”

അതേസമയം ജയ സ്മിതയോടു മോശമായി പെരുമാറിയിട്ടില്ലെന്നു തിരുവനന്തപുരം ഡിവിഷൻ റെയില്‍വേ അധികൃതര്‍ പറഞ്ഞു. റദ്ദായ ടിക്കറ്റുമായി യാത്ര ചെയ്യാൻ കഴിയില്ലെന്നു മാന്യമായി അറിയിക്കുകയും ടിക്കറ്റിന് ചെലവായ തുക പൂര്‍ണമായി തിരികെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. സ്ലിപ്പില്‍ രേഖപ്പെടുത്തിയ നമ്ബര്‍ വ്യക്തമായിരുന്നില്ല. ടിക്കറ്റ് എടുക്കാൻ ഫോണ്‍ നമ്ബര്‍ നല്‍കുമ്ബോള്‍ അതു കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് നേരിട്ടെടുക്കുന്ന ടിക്കറ്റ് ഓണ്‍ലൈൻ ആയി റദ്ദാക്കാൻ അവസരം നല്‍കുന്നതെന്നും റെയില്‍വേ വിശദീകരിക്കുന്നു.

Back to top button
error: