LocalNEWS

ബസ് കാറിൽ തട്ടി എന്ന് ആരോപണം, മേല്‍പാലത്തിന് മുകളില്‍ വെച്ച് ബസിന്റെ താക്കോല്‍ ഊരിയെടുത്ത് മുങ്ങിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

  കാഞ്ഞങ്ങാട്: ബസ് കാറില്‍ തട്ടിയതിനെ ചൊല്ലി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും താക്കോലും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെടുകയും ചെയ്തെന്ന കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി കെ ജാസിറിനെ (38) യാണ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പടന്നക്കാട് മുതല്‍ പുതിയകോട്ട വരെയുള്ള നൂറോളം സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നും 15 കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് കാറിന്റെ ഉടമ അജാനൂര്‍ സ്വദേശി നാസറാണെന്ന് പൊലീസ് കണ്ടെത്തി. നാസറിനെ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ ഓടിച്ചതും ബസ് ഡ്രൈവറെ അക്രമിച്ചതും ജാസിറാണെന്ന് വെളിപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Signature-ad

പടന്നക്കാട് മേല്‍പാലത്തില്‍ വെച്ചാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ എല്‍ 58 എന്‍ 2537 നമ്പര്‍ ബസ് കാറില്‍ ഉരസിയെന്ന് ആരോപിച്ച് ജാസിര്‍ കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞുനിര്‍ത്തി ബസ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സൗത് സ്വദേശി പി.പി പ്രവീണ്‍ കുമാറിനെ മര്‍ദ്ദിക്കുകയും ബസിന്റെ താക്കോലും, മൊബൈല്‍ ഫോണും തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തുവെന്നാണ് കേസ്.

ബസ് സ്റ്റാര്‍ട് ചെയ്യാന്‍ കഴിയാതെ ദേശീയപാതയില്‍ വൻ വാഹന കുരുക്കുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഗാരേജ് ജീവനക്കാരനെ വരുത്തിച്ച് ബസ് സ്റ്റാര്‍ട് ചെയ്ത് റോഡില്‍ നിന്നും നീക്കിയാണ് ദേശീയ പാതയിലെ ഗതാഗതകുരുക്ക് ഒഴിവാക്കിയത്.

Back to top button
error: