കൊച്ചി: ജയിലർ എന്ന പേരിൽ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലർ വരുന്നതിനാൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തിൽ പല സെൻററുകളിലും തിയറ്റർ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിൻറെ സംവിധായകൻ സക്കീർ മഠത്തിൽ ആരോപിച്ചിരുന്നു. രജനികാന്ത് അഭിനയിക്കുന്ന ജയിലർ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിൻറെ ജയിലർ റിലീസ് മാറ്റിവച്ചുവെന്നാണ് പുതിയ വാർത്ത. ജയിലർ സിനിമ കേരളത്തിൽ മാത്രം 300 ഓളം തീയറ്ററുകളിൽ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തിൽ ധ്യാനിൻറെ പടം റിലീസ് മാറ്റിവയ്ക്കുകയാണ്. ട്രേഡ് അനലിസ്റ്റ് എ.ബി.ജോർജിൻറെ പോസ്റ്റ് പ്രകാരം ചിത്രത്തിൻറെ റിലീസ് ഓഗസ്റ്റ് 18 ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.
നേരത്തെ മലയാളം ജയിലർ സംവിധായകൻ സക്കീർ മഠത്തിൽ ചിത്രത്തിന് തീയറ്റർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബർ ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. നിലവിൽ 40 തിയറ്ററുകൾ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ അതും നഷ്ടപ്പെടുമോ എന്ന ഭയമാണ് തനിക്കുള്ളതെന്നും അദ്ദേഹം അന്ന് പറഞ്ഞത്. എന്തായാലും കാര്യമായ തീയറ്റർ ലഭിക്കാത്തതോടെയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ റിലീസ് നീട്ടിയത് എന്നാണ് വിവരം.
അതേ സമയം നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ നാളെ റിലീസ് ആകുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ തീയേറ്ററുകളിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ് സിനിമ ലോകത്തിന്. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനായകനും ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നു. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിലുണ്ട്.