കോതമംഗലം: പുതുപ്പാടി ഇളങ്ങടത്ത് കുലച്ച് വെട്ടാറായി വന്ന 406 ഏത്തവാഴകൾ വെട്ടിമാറ്റി കെഎസ്ഇബിയുടെ ക്രൂരത.യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം.
ഓണം വിപണി ലക്ഷ്യമാക്കിയാണ് അനീഷ് വാഴകൃഷി നടത്തിയത്.വെട്ടി നശിപ്പിച്ചതിൽ മിക്കതും കുലച്ച വാഴകളാണ്.ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അനീഷ് പറഞ്ഞു. ‘വർഷങ്ങളായി കൃഷി ചെയ്തു വരുന്ന സ്ഥലമാണിത്. പല പ്രാവശ്യവും വാഴകൾ കൃഷി ചെയ്തിട്ടുണ്ട്. ഇതിനു മുമ്പൊന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരെത്തി 406 വാഴകൾ വെട്ടി നശിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വാഴകൃഷി ചെയ്യരുതെന്നോ പറഞ്ഞിരുന്നില്ല.ഓണം വിപണി ലക്ഷ്യമിട്ട് ചെയ്തതായിരുന്നു കൃഷി.ഓണത്തിന് അനുബന്ധിച്ച് വെട്ടേണ്ട കുലകളായിരുന്നു വെട്ടി നശിപ്പിച്ചത്.വാഴ മൊത്തത്തിൽ വെട്ടിമാറ്റുകയാണ് ചെയ്തത്’-അനീഷ് പറയുന്നു.