KeralaNEWS

രഞ്ജിത്തിനെ കൈവിട്ട് മന്ത്രി; വിനയന്‍ വിവാദത്തില്‍ അന്വേഷണം

കൊച്ചി: ചലച്ചിത്ര അവാര്‍ഡ്‌നിര്‍ണയ ജൂറിയെ സ്വാധീനിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചുവെന്ന പരാതിയില്‍ മുന്‍നിലപാട് തിരുത്തി സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ അന്വേഷണത്തിന്. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ ജൂറിയംഗം നേമം പുഷ്പരാജിനെ നേരിട്ട് വിളിച്ച് മന്ത്രി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. രഞ്ജിത്തിനെതിരായി സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിന് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് മന്ത്രിയുടെ നീക്കം.

രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു വിവാദമുണ്ടായപ്പോള്‍ മന്ത്രി സജി ചെറിയാന്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍, ഈ പ്രസ്താവനയ്‌ക്കെതിരേ സി.പി.ഐ. നേതാക്കള്‍ പരസ്യമായി രംഗത്തുവരുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ നിലപാട് തിരുത്താന്‍ മന്ത്രി നിര്‍ബന്ധിതനാകുകയായിരുന്നുവെന്നാണ് വിവരം.

Signature-ad

ഇതിനൊപ്പം രഞ്ജിത്തിനെതിരായ സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. നടന്‍ ഹരീഷ് പേരടിയാണ് ഏറ്റവും ഒടുവില്‍ രംഗത്തുവന്നത്. ”നിങ്ങള്‍ക്കെതിരേ അന്വേഷണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെക്കൊണ്ട് നമ്മള്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥന്മാര്‍ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു.” -സാമൂഹികമാധ്യമത്തിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചു.

Back to top button
error: