തിരുവനന്തപുരം: മൂന്നു നില കെട്ടിടത്തില്‍ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകള്‍ സാന്‍വി അഭിലാഷാണ് മരിച്ചത്. പട്ടം ബിഷപ്പ് ഹൗസിനോട് ചേര്‍ന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്ലിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു. പെണ്‍കുട്ടി സ്വയം ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് 5.32 നാണ് സംഭവമുണ്ടായത്. ട്യൂഷനു പോകാനായാണ് സാന്‍വി വീട്ടില്‍ നിന്ന് ഇറങ്ങിയത്. റോഡില്‍ നിന്ന് വേഗത്തില്‍ പെണ്‍കുട്ടി കെട്ടിടത്തിലേക്ക് ഓടിക്കയറുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ഷോപ്പിങ്ങ് കോംപ്ലക്ലിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നാണ് താഴേയ്ക്ക് വീണത്.
ശബ്ദം കേട്ട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നുള്ള ആളുകള്‍ വന്ന് നോക്കുമ്പോഴാണ് പെണ്‍കുട്ടി ഇവിടെ വീണുകിടക്കുന്നത് കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തക്കും മുന്‌പേ മരിച്ചു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന സ്‌കൂള്‍ ബാഗും ചെരുപ്പും മുകള്‍ നിലയില്‍ നിന്ന് കണ്ടെത്തി. ബാഗിനുള്ളില്‍ പുസ്തകങ്ങള്‍ക്കൊപ്പം പരീക്ഷ പേപ്പറുമുണ്ടായിരുന്നു.
പട്ടം ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാന്‍വി. ഇന്നലെ ഉച്ച വരെ സ്‌കൂളില്‍ ക്ലാസുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് സാന്‍വി വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പക്ഷെ ട്യൂഷന്‍ ക്ലാസില്‍ എത്തിയില്ല. സാന്‍വി എത്താത്ത വിവരം ട്യൂഷന്‍ ക്ലാസിലെ അധ്യാപകന്‍ വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.