ജയ്പുര്‍: കടുകെണ്ണയുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞ് എണ്ണ റോഡില്‍ ഒഴുകിയതോടെ എണ്ണ ശേഖരിക്കാന്‍ ആളുകള്‍ കൂട്ടമായത്തിയതോടെ ഗതാഗതക്കുരുക്ക്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. ഗുജറാത്തിലെ ഗാന്ധിധാമില്‍നിന്ന് മധ്യപ്രദേശിലേക്ക് കടുകെണ്ണയുമായി പോയ ലോറിയാണ് പിന്ദ്വാരയ്ക്കു സമീപം ഹൈവേയില്‍ മറിഞ്ഞത്.
ലോറി മറിഞ്ഞതോടെ എണ്ണ റോഡില്‍ ഒഴുകി. ഇതോടെ പ്രദേശവാസികള്‍ കുപ്പികളും പാത്രങ്ങളുമായി എത്തി എണ്ണ ശേഖരിക്കാന്‍ ആരംഭിച്ചതോടെയാണ് റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ലോറി റോഡില്‍ മറിഞ്ഞ് കിടന്നതിനാലും ആളുകള്‍ എണ്ണ ശേഖരിക്കാന്‍ കൂട്ടമായി എത്തിയതിനാലും മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. റോഡില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി ആളുകളെ റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറി നിയന്ത്രണം വിട്ട് നാലുവരി പാതയില്‍ മറിയുകയായിരുന്നു. തുടര്‍ന്ന് ടാങ്കറില്‍ നിന്ന് എണ്ണ പുറത്തേക്ക് ഒഴുകി. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റതായും ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ക്രെയിന്‍ എത്തിച്ച് ടാങ്കര്‍ ലോര്‍ടി റോഡില്‍ നിന്ന് ഉയര്‍ത്തിമാറ്റി. റോഡില്‍ നിന്ന് എണ്ണയുടെ സാന്നിധ്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.