കണ്ണൂര്‍: മണല്‍ക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ രണ്ടു യുവാക്കളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ സിറ്റി പോലീസിന്റെ പരിധിയില്‍ നിരവധി കേസുകളിലെ പ്രതികളാണിവര്‍. സാദ് അഷ്‌റഫ് എന്നയാളെ കണ്ണൂര്‍ സിറ്റി പോലീസ് കമിഷണര്‍ ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരം കണ്ണൂര്‍ കലക്ടറുടെ ഉത്തരവിലാണ് പോലീസ് അറസ്റ്റു ചെയ്ത് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
തലശേരി, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, ലഹള നടത്തല്‍, കവര്‍ച, പൊതുമുതല്‍ നശിപ്പിക്കല്‍, മയക്കുമരുന്ന് കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയായി അഞ്ചുകേസുകളുണ്ട്. അതേസമയം ഇരിട്ടി, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് നാടു കടത്തിയിട്ടുണ്ട്. പാറേക്കാട്ടില്‍ ഹൌസ് ജോബിഷ് മാത്യു (37)വിനെയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയത്.
കരിക്കോട്ടക്കരി, ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മണല്‍ക്കടത്ത് കേസ്, അടിപിടി കേസ് ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ജോബിഷ്. കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലതയുടെ റിപ്പോര്‍ട്ട് പ്രകാരം കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ആണ് ഉത്തരവിറക്കിയത്.