LocalNEWS

കട്ടപ്പനയിൽ ഏലം സ്റ്റോറിൽ നിന്നും മോഷ്‌ടിച്ചു കടത്തിയത് 300 കിലോയുടെ ഉണക്ക ഏലക്കാ, പിന്നിൽ വൻ സംഘമെന്ന് പൊലീസ്

   കട്ടപ്പന: പൂട്ടിയിട്ടിരുന്ന ഏലം സ്റ്റോർ കുത്തി പൊളിച്ച് 300 കിലോ ഉണക്ക ഏലക്കാ മോഷ്ടിച്ചു കടത്തി. കട്ടപ്പന ആനകുത്തി ജയറാം എസ്റ്റേറ്റിലാണ് വൻ ഏലക്കാ മോഷണം നടന്നത്. തമിഴ്നാട് കമ്പം ഉത്തമപാളയം സ്വദേശി സി. ബൊമ്മെ സ്വാമിയുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം.

  കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നതായി കരുതുന്നത്. അടുത്ത ദിവസം രാവിലെ തൊഴിലാളി വീട്ടിൽ എത്തിയപ്പോഴാണ് വാതിലുകൾ തുറന്നു കിടക്കുന്നതായി കാണുന്നത്. ഉടൻ തന്നെ ഇയാൾ ബൊമ്മെ സ്വാമിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പൊലീസിനെ വിവരം അറിയിച്ചു.
മുൻവശത്തെ വാതിലുകൾ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടർന്ന് പിൻവശത്തെ വാതിൽ തകർത്താണ് അകത്ത് കയറിയത്. ഒന്നിലേറെ മോഷ്ടാക്കൾ ഉണ്ടെന്നാണ് നിഗമനം. വീടിന്റെ സമീപത്ത് കിടന്ന ഇരുമ്പു കമ്പിയും വാക്കത്തിയും ഉപയോഗിച്ചാണ് വാതിലിന്റെ പൂട്ട് തകർത്തത്.

സ്റ്റോർ റൂമിൽ കയറിയ തസ്കരർ ഏലക്കായ സൂക്ഷിച്ചിരുന്ന വാതിലിന്റെ പൂട്ട് ഇവിടെ നിന്നും കിട്ടിയ ചുറ്റികയും പ്ലെയറും ഉപയോഗിച്ച് അഴിച്ചെടുത്താണ് അകത്ത് കയറിയത്. ഇവിടെ തണുപ്പടിക്കാത്ത വിധം ചാക്കുകളിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആറ് ചാക്ക് ഏലയ്ക്കയും എടുത്ത് കടത്തുകയായിരുന്നു.
50 കിലോ വീതമുള്ള ചാക്കുകളായിരുന്നു. ഒന്നിലേറെ മോഷ്ടാക്കളും വാഹനവും ഉണ്ടെങ്കിലേ ഇത്രയും ഏലയ്ക്ക ഇവിടെ നിന്നും കൊണ്ടുപോകാനാവു. മുൻ വശത്തെ ഗേറ്റിന് സമീപത്തെ പച്ച നെറ്റ് പൊളിച്ചു നീക്കിയാണ് അകത്തു കടന്നത്. ഇവർ എത്തിയതായി സംശയിക്കുന്ന വാഹനത്തിന്റെ സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Back to top button
error: