KeralaNEWS

ക്ഷേത്ര ഭൂമി കൈയ്യേറി എൻഎസ്എസ്; ആർഎസ്എസിന്റെ കെണിയിൽ എൻഎസ്എസ് വീണത് നിർഭാഗ്യകരമെന്ന് സ്പീക്കർ എ എൻ ഷംസീർ

പാലക്കാട്:68 ഏക്കർ ക്ഷേത്ര ഭൂമി എൻഎസ്എസ് കൈയ്യേറിയതായി ആരോപണം.പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കര്‍ ഭൂമിയാണ് എൻഎസ്‌എസ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്.

ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ സ്വത്ത് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് രംഗത്തെത്തി.സംഭവത്തില്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ടെന്നാണ് വിവരം.സ്പീക്കർ എ എൻ ഷംസീറിന്റെ ഒരു പ്രസംഗം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ  ഇത്രയധികം വേദനിപ്പിച്ചുവെങ്കിൽ ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ സ്വത്ത് തിരികെ ക്ഷേത്രത്തിന് തന്നെ വിട്ടുകൊടുക്കാൻ  മടിക്കുന്നതെന്തെന്നും ക്ഷേത്രം ഭാരവാഹികൾ ചോദിച്ചു.

അതേസമയം ഗണപതിയെ സംബന്ധിച്ച് താൻ പറഞ്ഞ വാക്കുകൾ വിശ്വാസികളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്നയാളല്ല താനെന്നും സ്പീക്കർ എ എൻ ഷംസീർ  പറഞ്ഞു.ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിൽ ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീർ ചോദിച്ചു. നിയമസഭാമ്മേളനം സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷംസീർ വിവാദങ്ങളിൽ വിശദീകരണം നടത്തിയത്.

Signature-ad

തന്റെ ഈ പരാമർശം ഒരു മത വിശ്വാസിയേയും വ്രണപ്പെടുത്താനല്ലെന്നും ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്തുന്നയാളല്ല താനെന്നും വാർത്താസമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു.താൻ എല്ലാ മതവിശ്വാസങ്ങളേയും ബഹുമാനിക്കുന്ന ആളാണെന്നും കേരളം പോലെയൊരു സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു വിവാദം നിർഭാഗ്യകരമാണെന്നും ഷംസീർ പറഞ്ഞു.

സംഘപരിവാർ രാജ്യത്ത് പലതും പ്രചരിപ്പിക്കുന്നുണ്ട്.കാലങ്ങളായി വെറുപ്പിന്റെ പ്രചാരണം രാജ്യത്ത് നടത്തുകയാണ് അവർ.കേരളത്തിലും അതിനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്.പക്ഷെ എൻഎസ്എസ് അതിൽ വീണത് നിർഭാഗ്യകരമാണ്-വാർത്താസമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു.

ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും എന്നാല്‍ പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നതെന്നും സ്പീക്കര്‍ എ.എന്‍.ഷംസീർ കുറ്റപ്പെടുത്തി.പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്നത് കാവിവല്‍ക്കരണമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ സംഭാവനകള്‍ ഇല്ലാതെയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംവാദവും ചര്‍ച്ചയും വിയോജിപ്പുമാണ് ജനാധിപത്യത്തില്‍ പ്രധാനം.ഭരണഘടനയുണ്ടായത് ഒരു സുപ്രഭാതത്തിലല്ലെന്നും ഷംസീര്‍ പറഞ്ഞു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന സാംസ്‌കാരമാണ് കേരളത്തിന്റേത്. മനുഷ്യരെ സ്‌നേഹിക്കുന്നവരാണ് നമ്മളൾ.ശാസ്ത്രം സത്യമാണ്. അത് പ്രചരിപ്പിക്കുക എന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നും മതനിരപേക്ഷ വാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞയെന്നും എല്ലാ ജാതി മതസ്ഥര്‍ക്കും ഒന്നിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണമെന്നും ഷംസീര്‍ കൂട്ടിച്ചേർത്തു.

Back to top button
error: