ഇംഫാല്‍: സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് മണിപ്പുര്‍ ഹൈക്കോടതി. സംസ്‌കാരം നടത്താന്‍ ഉദ്ദേശിച്ച ചുരാചാന്ദപുരിലെ ഗ്രാമത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നിര്‍ദേശം.
വ്യാഴാഴ്ച രാവിലെ ആറുമണിക്ക് നടന്ന വാദം കേള്‍ക്കലിനൊടുവില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്‌കാരം നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ക്രമസമാധാനനില ഉറപ്പുവരുത്താനും ജസ്റ്റിസ് എ. ഗുണേശ്വര്‍ ശര്‍മയും അംഗമായ ബെഞ്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വിഷയം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടക്കം എല്ലാ കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ശവസംസ്‌കാരത്തിനായി മറ്റൊരു സ്ഥലം അനുവദിക്കാന്‍ കുക്കി വിഭാഗത്തിന് അധികൃതരെ സമീപിക്കാനുള്ള അനുവാദവും ഹൈക്കോടതി നല്‍കി.
വ്യാഴാഴ്ച പതിനൊന്ന് മണിയോടെ കൂട്ടസംസ്‌കാരം നടത്താനായിരുന്നു ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്.) തീരുമാനിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ മെയ്തി ഫോറത്തിന്റെ ഹര്‍ജിയിലാണ് ഗ്രാമത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കുക്കികളുടെ സംസ്‌കാരത്തിന് ചിതയൊരുക്കുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് മെയ്തി വിഭാഗക്കാരുടെ വാദം. ഓഗസ്റ്റ് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, സംസ്‌കാരം അഞ്ചുദിവസത്തേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചതായി ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും മന്ത്രാലയത്തിന്റേയും അഭ്യര്‍ഥന മാനിച്ചാണ് നീട്ടിവെക്കുന്നതെന്ന് വാര്‍ത്തക്കുറിപ്പില്‍ അവര്‍ അറിയിച്ചു. മിസോറാം മുഖ്യമന്ത്രിയും തങ്ങളോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും ഐ.ടി.എല്‍.എഫ്. അറിയിച്ചു.