ഇതിനിടെ സീമ ഹൈദറിനും കാമുകൻ സച്ചിനും ജോലി നല്‍കാൻ സന്നദ്ധനാണെന്ന് ഗുജറാത്തിലെ വ്യവസായിയും വ്യക്തമാക്കി. ഇരുവര്‍ക്കും പ്രതിമാസം അമ്ബതിനായിരം രൂപ വീതം ശമ്ബളം നല്‍കാമെന്നും വ്യവസായി ഇരുവര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
കാമുകനൊപ്പം ജീവിക്കാനായി മേയ് 13നാണ് നേപ്പാള്‍ അതിര്‍ത്തിയിലൂടെ സീമ ഇന്ത്യയില്‍ എത്തിയത്.വീസ ഇല്ലാതെയാണ് സീമ ഹൈദറും മക്കളും ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക് എത്തിയതിനാല്‍ സീമയെയും സഹായം നല്‍കിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പബ്ജിയിലൂടെ പ്രണയിച്ചാണ് എത്തിയതെന്ന് സീമ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ സീമയ്ക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനു നിയമതടസങ്ങളുണ്ട്. പാക്കിസ്ഥാനിലേക്കു തിരിച്ചു പോകില്ലെന്നും സീമയും വ്യക്തമാക്കിയിരുന്നു.
ഉത്തര്‍പ്രദേശ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ സീമയില്‍ നിന്നും ആറ് പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തിരുന്നു. പാകിസ്ഥാൻ പാസ്പോര്‍ട്ടുകളാണ് ആറും. എന്നാല്‍ ഇതില്‍ ഒന്നില്‍ പേരും വിലാസവും പൂര്‍ണമല്ല. പാസ്പോര്‍ട്ടിന് പുറമേ നാല് മൊബൈല്‍ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും സീമയുടെ പക്കള്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, സീമ ഹൈദറും ഇന്ത്യക്കാരനായ കാമുകൻ സച്ചിൻ മീണയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരിലെന്ന് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ ഉടമ വെളിപ്പെടുത്തി. ‘ശിവൻഷ്’ എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നും ഉടമ ഗണേഷ് വാര്‍ത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.