കോട്ടയം: സംസ്ഥാനത്തിന്റെ സാമ്പത്തിക നടത്തിപ്പിനും സംസ്ഥാന സർക്കാരിന്റെ പണം കൈകാര്യം ചെയ്യുന്നതിനുമുള്ള ഏക ഏജൻസിയായ ട്രഷറി വകുപ്പ് സ്വതന്ത്രവകുപ്പായി പ്രവർത്തനം തുടങ്ങിയിട്ട് ചൊവ്വാഴ്ച അറുപതു വർഷം തികഞ്ഞു. റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന ട്രഷറി വകുപ്പ് 1963 ഓഗസ്റ്റ് ഒന്നിനാണ് ട്രഷറി ഡയറക്ടർ മേധാവിയായ സ്വതന്ത്രവകുപ്പായി പ്രവർത്തനം ആരംഭിച്ചത്.
ധനകാര്യവകുപ്പിന്റെ ഭരണപരമായ നിയന്ത്രണമുള്ള ട്രഷറി വകുപ്പിന് നിലവിൽ മൂന്നു മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകൾ, 23 ജില്ലാ ട്രഷറികൾ, എട്ടു പെൻഷൻ പേയ്മെന്റ് സബ് ട്രഷറികൾ ഉൾപ്പെടെ 201 സബ് ട്രഷറികൾ, 12 സ്റ്റാമ്പ് ഡിപ്പോകൾ എന്നിവയുണ്ട്. ഭരണസൗകര്യാർഥം ട്രഷറികളെ ആസ്ഥാനമേഖല, ദക്ഷിണ മേഖല, മദ്ധ്യ മേഖല, ഉത്തര മേഖല എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. മേഖലകളുടെ ഭരണചുമതല ഡെപ്യൂട്ടി ഡയറക്ടർമാർക്കാണ്. പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ (റൂറൽ), കോട്ടയം, പാല (റൂറൽ), ഇടുക്കി എന്നീ ജില്ലാ ട്രഷറികളും അവയുടെ കീഴിലുള്ള സബ് ട്രഷറികളും ദക്ഷിണമേഖലയിലാണ് ഉൾപ്പെടുക.
സമ്പൂർണ കമ്പ്യൂട്ടർവൽകൃതം; ഓൺലൈൻ ഇടപാടുകൾ
രാജ്യത്ത് പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്) ആദ്യമായി നടപ്പാക്കിയ സ്ഥാപനങ്ങളിലൊന്നാണ് കേരള ട്രഷറി. നിലവിൽ ട്രഷറി മുഖേനയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് പൂർണമായും ഇലക്ട്രോണിക് ഫണ്ട് സെറ്റിൽമെന്റുള്ള സമ്പൂർണ്ണ വെബ് അധിഷ്ഠിത ഓൺലൈൻ ഇടപാട് സംവിധാനമായ ഐ.എഫ്.എം.എസ്-കെ (ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം-കേരളം) വഴിയാണ്. പൂർണമായും കമ്പ്യൂട്ടർവൽകൃതമായ ട്രഷറി വകുപ്പ് സാമ്പത്തിക ഇടപാടുകളിൽ പുതിയ സാങ്കേതിക വിദ്യകൾ അവലംബിക്കുന്നു.
കേരള സർക്കാരിലേയ്ക്കുള്ള പണം സ്വീകരിക്കൽ, സർക്കാരിൽ നിന്നുമുള്ള പണം വിതരണം, സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുക, വികസന പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുക, സർക്കാർ അക്കൗണ്ടുകൾ തയാറാക്കുകയും പരിപാലിക്കുകയും ചെയ്യുക, അക്കൗണ്ടന്റ് ജനറലിന് അക്കൗണ്ടുകൾ റെൻഡർ ചെയ്യൽ, സേവിംഗ്സ് ബാങ്ക് ബിസിനസിന്റെ നടത്തിപ്പ്, സംസ്ഥാന സർക്കാർ പെൻഷൻകാരുടെ പെൻഷൻ പേയ്മെന്റ് ഓർഡറിന്റെ പരിപാലനവും പെൻഷൻ, മറ്റാനുകൂല്യങ്ങൾ എന്നിവയുടെ വിതരണവും, സ്റ്റാമ്പുകൾ, മുദ്രപ്പത്രം എന്നിവയുടെ വിതരണം, സംസ്ഥാന സർക്കാരിന്റെ സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (ഇ-സ്റ്റാമ്പിംഗ്), സർക്കാർ പ്രോമിസറി നോട്ടുകളുടെ എൻക്യാഷ്മെന്റ്, ഫാമിലി ബെനിഫിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട ഡ്രോയിംഗ് ഓഫീസർ തിരിച്ചുള്ള അക്കൗണ്ടുകൾ പരിപാലിക്കുക, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സുരക്ഷിതമായ സൂക്ഷിപ്പ്,
ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷിതമായ സൂക്ഷിപ്പ്, സർക്കാർ വകുപ്പുകളുടെയും കോടതികളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷിതമായ സൂക്ഷിപ്പ് തുടങ്ങിയവയാണ് വകുപ്പിന്റെ പ്രധാനപ്രവർത്തനങ്ങൾ.
വകുപ്പിന്റെ വജ്രജൂബിലി ആഘോഷം മധുരം വിളമ്പിയും പ്രതിജ്ഞയെടുത്തും ജില്ലാ ട്രഷറിയിൽ നടന്നു. ജില്ലാ ട്രഷറി ഓഫീസർ കെ. രാജീവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ വി.എസ്. ഹർഷ, അസിസ്റ്റന്റ് ട്രഷറി ഓഫീസർ കെ. ശ്രീകല, എസ്.ഡി.ഒ. പി.കെ. കിരൺ കുമാർ എന്നിവർ സംസാരിച്ചു.