തിരുവനന്തപുരം: എ.എൻ. ഷംസീറിൻറെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമെന്ന് സിപിഎം. രാഷ്ട്രീയ പ്രതിരോധം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എൻഎസ്എസിൻറെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിൻറെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമെന്നാണ് വിലയിരുത്തൽ. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വത്തിൻറെ വിശദീകരണം.
ഗണപതി പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസിൻറെ നേതൃത്വത്തിൽ ഇന്ന് കടുത്ത പ്രതിഷേധം. ശബരിമല സമര മാതൃകയിലാണ് പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്. വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന ഇന്ന് നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തെ പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ക്ഷേത്രം വരെയാണ് ഘോഷയാത്ര. എല്ലായിടങ്ങളിലും വിശ്വാസ സംരക്ഷണദിനം ആചരിക്കാൻ താലൂക്ക് യൂണിയനുകൾക്ക് എൻഎസ്എസ് നിർദേശം നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷത്രത്തിൽ വഴിപാട് നടത്താനാണ് നിർദേശം. പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പുപറയണമെന്നാണ് ആവശ്യം. അതേസമയം ഇന്ന് ഉച്ചകഴിഞ്ഞ് സ്പീക്കർ എഎൻ ഷംസീർ മാധ്യമങ്ങളെ കാണുന്നുണ്ട്.