KeralaNEWS

ഷംസീര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് ? നേതൃത്വത്തെ അവജ്ഞയോടെയാണ് നായന്‍മാര്‍ കാണുന്നത്, നേതൃത്വം തിരുത്തണം; വിമര്‍ശനവുമായി കരയോഗം പ്രസിഡന്റ്

കൊല്ലം: സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിനിടെ, നേതൃത്വത്തിനെതിരെ വിമർശനവുമായി കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബ്. ഷംസീർ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അഞ്ചൽ ജോബ് ചോദിച്ചു. സമുദായവും രാഷ്ട്രീയവും വേറെ വേറെയാണ്. സമുദായത്തിലെ പാവങ്ങളെ ആദ്യം രക്ഷപ്പെടുത്തണം. ഇപ്പോഴിരിക്കുന്ന നേതൃത്വത്തെ അവജ്ഞയോടെയാണ് നായൻമാർ കാണുന്നത്. നേതൃത്വം തിരുത്തണമെന്നും അഞ്ചൽ ജോബ് ആവശ്യപ്പെട്ടു. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റാണ് അഞ്ചൽ ജോബ്. എൻഎസ്എസ് പ്രതിഷേധം നടത്തുന്നതിനിടെ ഷംസീറിന്റെ പേരിൽ അഞ്ചൽ ജോബ് ശത്രുസംഹാര പൂജ നടത്തുകയും ചെയ്തു. ഇടമുളക്കൽ മണികണ്‌ഠേശവ മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്.

അതേസമയം, എഎൻ ഷംസീറിനെതിരെ കടുത്ത വിമർശനവുമായി ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്ന് തുറന്നടിച്ച സുകുമാരൻ നായർ, വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്ന് വ്യക്തമാക്കി. കേരളത്തിൽ എല്ലാ മതങ്ങളെ സ്‌നേഹിച്ച് കൊണ്ടും അവരവരുടെ ആരാധനയെ ശരിവെച്ചുകൊണ്ടും മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവന്റേത്. എന്നാൽ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാൻ ശ്രമിച്ചാൽ ഒരു തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ നേരിടേണ്ടി വരും. എൻഎസ്എസും ബിജെപിയും ആർഎസ്എസും ഇക്കാര്യം പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ അവരോടൊപ്പം യോജിച്ച് പ്രവർത്തിക്കാനാണ് എൻഎസ്എസ് തീരുമാനമെന്നും സുകുമാരൻ നായർ പറഞ്ഞു.

Signature-ad

ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണ്. പ്രത്യേക സമുദായത്തിൽപ്പെട്ട ആളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ല. സ്പീക്കർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. അത് മാധ്യമ സൃഷ്ടിയാണ്. ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ആൾ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പറഞ്ഞിട്ടുണ്ട്. സ്പീക്കർ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്നാണ് എൻഎസ്എസിന് ആവശ്യപ്പെടാനുളളത്. അബദ്ധം പറ്റിയെന്ന് സമ്മതിച്ച് കൊണ്ട് മാപ്പു പറയണം. അങ്ങനെ ചെയ്യില്ലെങ്കിൽ സ്പീക്കർക്കെതിരെ സർക്കാർ വേണ്ട നടപടി സ്വീകരിക്കണം. വിശ്വാസത്തിൽ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നിലനിൽക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാൻ ഗണപതിയുടെ കാര്യത്തിൽ മാത്രമേയുള്ളോയെന്നും സുകുമാരൻ നായർ ചോദിച്ചു.

Back to top button
error: