KeralaNEWS

തലയൂരാൻ നെട്ടോട്ടം, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ബി.ജെ.പി നേതാവ് അഡ്വ. നോബിള്‍ മാത്യു കൂട്ടിച്ചേർത്തതെന്ന് ഐ.ജി ലക്ഷ്മൺ

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചുള്ള ഹര്‍ജിയില്‍ പിന്‍വലിഞ്ഞ് ഐജി ലക്ഷ്മണ്‍. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശങ്ങള്‍ തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകന്‍ നോബിള്‍ മാത്യുവാണ് ഹര്‍ജിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്തതെന്നും ഐജി കത്തില്‍ വിശദീകരിക്കുന്നു. ബി.ജെ.പി പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ്.പ്രസിഡന്റ് കൂടിയാണ് അഡ്വ.നോബിള്‍ മാത്യു.

മോന്‍സന്‍ മാവുങ്കല്‍ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസില്‍ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മണ്‍. തന്നെ പ്രതിപ്പട്ടകയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

Signature-ad

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവൃത്തിക്കുന്നു എന്നതടക്കമായിരുന്നു പരാമര്‍ശം. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരമൊരു ആരോപണം വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഐജി ലക്ഷ്മണ്‍ ആരോപണത്തില്‍ തനിക്ക് പങ്കില്ലെന്നറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. താന്‍ വക്കാലത്ത് കണ്ടിട്ടില്ല. ചികിത്സയിലാണുള്ളത്. ഹര്‍ജിയിലെ പരാമര്‍ശങ്ങളെല്ലാം എഴുതിയത് അഭിഭാഷകനാണ്. പരാമര്‍ശങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐജി ലക്ഷ്മണ്‍ അയച്ച കത്തില്‍ പറയുന്നു.

Back to top button
error: