ഒരിക്കൽ ചുഴലിക്കാറ്റും പിന്നീട് സുനാമിയും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ ധനുഷ്കോടി ഇന്നൊരു പ്രേതനഗരം മാത്രമാണ്.തമിഴ്നാടിന്റെ തെക്കേ അറ്റത്തുള്ള ധനുഷ്കോടി പുരാണങ്ങള്‍ ഏറെ പരാമര്‍ശിക്കുന്ന ഒരിടം കൂടിയാണ്.
ലങ്കാധിപതിയായ രാവണന് സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ലങ്കയിലേക്ക് കടക്കാനായി രാമന് പണിത സേതുബന്ധനത്തിന്റെ അറ്റം ഇവിടെയാണ് എന്നാണ് വിശ്വാസം. സേതുബന്ധനത്തിന്റെ പണി തുടങ്ങിയപ്പോള്‍ രാമന് തന്റെ ധനുസ്സ് കൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരുന്നുവത്രെ. അങ്ങനെ ധനുസ്സിന്റെ അറ്റം എന്ന അര്‍ഥത്തിലാണ് ധനുഷ്കോടി ഉണ്ടായത്.
പണ്ട് ശ്രീരാമന് നിര്‍മ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് കരുതുന്ന പാറക്കെട്ടുകള്‍ ഇവിടെയുണ്ട്.ഏകദേശം പതിനെട്ട് കിലോമീറ്റര്‍ നീളമുണ്ട് ആ പാറക്കെട്ടുകള്‍ക്ക്.ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം രാമേശ്വര തീര്‍ഥാടനത്തിന്റെ മുന്നോടിയായിട്ടുള്ള കാര്യമാണ്.വിശ്വാസമനുസരിച്ച് കാശി തീര്‍ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ രാമേശ്വരം ക്ഷേത്രദര്‍ശനവും സേതുസ്നാനവും പൂര്‍ത്തിയാകണമത്രെ.
ധനുഷ്കോടിയുടെ ഇന്നു കാണുന്ന അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്കോടിയിലെ ജീവന്റെ ശേഷിപ്പുകളെ തുടച്ചുനീക്കിക്കൊണ്ടായിരുന്നു. 140 ല്‍ അധികം ആളുകളുമായി സഞ്ചരിച്ച തീവണ്ടി അപ്പാടെ കടലെടുത്തു. ഭവനങ്ങളും ആരാധനാലയങ്ങളും കടലെടുത്തപ്പോള്‍ കൂടെപ്പോയത് രണ്ടായിരത്തോളം മനുഷ്യജീവനുകളുമായിരുന്നു.ഇന്ന് തകര്‍ന്ന റെയില്‍വേ ലൈനുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളും മരുഭൂമി പോലെ കിടക്കുന്ന സ്ഥലങ്ങളും ഒക്കെ ചേര്‍ന്ന് ധനുഷ്കോടിക്ക് നല്‍കുന്നത് ഒരു പ്രേതനഗരത്തിന്റെ മട്ടും ഭാവവുമാണ്.
ഒരിക്കല്‍ കടലെടുത്ത ധനുഷ്കോടിയെ പിന്നെയും കടല്‍ തേടിയെത്തി. 2004 ഡിസംബര്‍ 26നു ആഞ്ഞടിച്ച സുനാമിത്തിരകള്‍ അന്നു ബാക്കിയാക്കിയതെല്ലാം കൊണ്ടുപോവുകയാണുണ്ടായത്. ഈ സുനാമിയോടെ ഇവിടം തീര്‍ത്തും നശിക്കപ്പെട്ടു എന്നു പറയാം.
ധനുഷ്കോടിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് തകര്‍ന്നടിഞ്ഞ ശിവക്ഷേത്രവും ശിവനെ കാത്തിരിക്കുന്ന നന്ദിയുടെ പ്രതിമയും. ക്ഷേത്രം നശിച്ചെങ്കിലും ഇവിടുത്തെ നന്ദിയുടെ പ്രതിമയ്ക്ക് കേടുപാടൊന്നും നശിച്ചിട്ടില്ല. അത് ഇപ്പോഴും ശിവനെയും കാത്തിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്.രാമന്റെ സ്ഥലമെന്ന അറിയപ്പെടുന്ന രാമേശ്വരം ധനുഷ്കോടിയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ധനുഷ്കോടി യാത്രയിലെ പ്രധാന ആകര്‍ഷണമാണ് കടലുകള്‍ ചേരുന്നയിടം. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന കാഴ്ച ഏറെ ആകര്‍ഷകമാണ്. ഇവിടെനിന്നും 13 കിലോമീറ്റര്‍ കൂടിയ യാത്ര ചെയ്താല്‍ ധനുഷ്കോടി ബീച്ചിലെത്താം.