KeralaNEWS

ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്

തിരുവനന്തപുരം: ജെസി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്. സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മുഴുവന്‍. സമൂഹത്തിലെ മൂല്യച്യുതികള്‍ക്കെതിരായ പോരാട്ടമായിരുന്നു അദ്ദേഹത്തിനു സിനിമ. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മലയാളത്തിന്റെ മുഖമായും ടി.വി ചന്ദ്രന്‍ നിറഞ്ഞു നിന്നു.

Signature-ad

റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയില്‍ വന്നത്. വിഖ്യാത സംവിധായകന്‍ പി.എ ബക്കറിന്റെ അസിസ്റ്റന്റായാണ് അദ്ദേഹത്തിന്റെ തുടക്കം. പവിത്രന്‍ നിര്‍മിച്ചു ബക്കര്‍ സംവിധാനം ചെയ്ത ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലെ നായകന്‍ ചന്ദ്രനായിരുന്നു. 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

ആറ് ദേശീയ പുരസ്‌കാരങ്ങള്‍, പത്ത് സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സമാന്തര സിനിമയുടെ ശക്തമായ സാന്നിധ്യമാണ് ടി.വി ചന്ദ്രന്‍. ‘പൊന്തന്‍മാട’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ആലീസിന്റെ അന്വേഷണം, ഹേമാവിന്‍ കാതലര്‍കള്‍, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍, ആടും കൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2019 ല്‍ പെങ്ങളില എന്ന സിനിമയാണ് അവസാനമായി അദ്ദേഹം സംവിധാനം ചെയ്തത്. എല്ലാ സിനിമകളുടേയും തിരക്കഥയും അദ്ദേഹം തന്നെയായിരുന്നു.

 

Back to top button
error: