ഭോപ്പാൽ:മധ്യപ്രദേശില്‍ പതിനൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
സത്ന ജില്ലയിലെ മൈഹര്‍ ടൗണിനടുത്ത് വനത്തിലാണ് ആര്‍കാണ്ടി ടൗണ്‍ഷിപ്പിലുള്ള പെണ്‍കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ദേഹം മുഴുവൻ കടിച്ച പാടുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. രാത്രിയായിട്ടും വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ ഇന്നലെ രാവിലെ കുട്ടിയെ അവശനിലയില്‍ കണ്ടത്.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ പോലീസിന് നിര്‍ദേശം നല്‍കി.കുട്ടിയെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.