ആഘോഷങ്ങളിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭരണങ്ങാനം പള്ളിയിൽ ഹരിത ഭവനം സ്ഥാപിച്ച് പഞ്ചായത്ത്
കോട്ടയം: ആഘോഷങ്ങളിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വിശുദ്ധ അൽഫോൻസ പള്ളിയുമായി സഹകരിച്ചു പള്ളിയങ്കണത്തിൽ ഹരിത ഭവനം സ്ഥാപിച്ചു. ആഘോഷങ്ങളിൽ രൂപപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക, പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവും ഉപയോഗവും കുറയ്ക്കുക പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ വിപണനം പ്രോത്സാഹിപ്പിക്കുക അതുവഴി മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ടു വച്ചാണ് ജില്ലാ ശുചിത്വമിഷൻ, കുടുംബശ്രീ എസ്.ഇ.യു.എഫ്, ഹരിതകർമസേന എന്നിവരുടെ സഹായത്തോടെ സ്റ്റാൾ പ്രവർത്തിപ്പിക്കുന്നത്.
ഹരിതസ്റ്റാളും ജൈവമാലിന്യ സംസ്ക്കരണ ഉപാധികളുടെ പ്രദർശനവും കുരുത്തോല മുറിച്ചു ഭരണങ്ങാനം പള്ളി വികാരി ഫാ സക്കറിയാ അട്ടപ്പാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് വിനോദ് ചെറിയാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഹുൽ ജി കൃഷ്ണൻ, എൻ.എം.ബിജു, ജോസുകുട്ടി അമ്പലമറ്റം, സെക്രട്ടറി സജിത് മാത്യൂസ്, അസി.സെക്രട്ടറി രശ്മി മോഹൻ, കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രദീപ്, അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ ആനിതോട്ടത്തിൽ, സോഷ്യോ ഇക്കാണമിക് യൂണിറ്റ് കോ ഓർഡിനേറ്റർ മനോജ് മാധവൻ എന്നിവർ പ്രസംഗിച്ചു ആർ.ജി.എസ്.എ, കില എന്നിവയുടെ കോർഡിനേറ്റർമാർ, നവകേരളം, ഹരിത കേരളം പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.