വയനാട്: മീനങ്ങാടിയില്‍ പുല്ലു വെട്ടാന്‍ പോയപ്പോള്‍ കാണാതായ ക്ഷീര കര്‍ഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ(55) ആണു കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുടുത്തുള്ള പുഴയുടെ സമീപത്തെ സ്വന്തം തോട്ടത്തില്‍ പുല്ല് വെട്ടാന്‍ പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ഷൈലജ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ല.
ചെത്തിയ പുല്ല്, തോര്‍ത്ത് മുണ്ട്, സുരേന്ദ്രന്റെ ഒരു ബൂട്ട് എന്നിവ അവിടെ കണ്ടെത്തി. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ പാടും കണ്ടതോടെ ഭയന്നു കുഴഞ്ഞുവീണ ഷൈലജയെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് അവ്യക്തമായി 3 കാല്‍പാടുകളും സമീപത്ത് പുല്ലിലൂടെ വലിച്ചു കൊണ്ടുപോയ പാടുമുണ്ട്. പുഴയില്‍നിന്നുള്ള ഏതെങ്കിലും ജീവിയാകാമെന്നാണു കരുതുന്നത്. ചീങ്കണിയാണെന്ന സംശയവും നാട്ടുകാര്‍ പറയുന്നുണ്ട്. മുന്‍പ് ഇവിടെ ചീങ്കണിയെ കണ്ടതായി ചിലര്‍ പറഞ്ഞു. ശക്തമായ മഴയായതിനാല്‍ പുഴയില്‍ വെള്ളം കൂടുതലാണ്. ബത്തേരി ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, മീനങ്ങാടി പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മീനങ്ങാടി പോലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരച്ചില്‍ കാര്യക്ഷമമാക്കാന്‍ പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കാനായി കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി ഒഴുക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാല്‍പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.