KeralaNEWS

പത്തനംതിട്ടയിൽ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട:ഇടയാറൻമുളയിൽ  മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.
എ ഇ ഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പാഠഭാഗങ്ങള്‍ എഴുതിയില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനിയെ ഗുരുക്കൻകുന്ന് സര്‍ക്കാര്‍ എല്‍പി സ്കൂളിലെ അധ്യാപകൻ ബിനോജ് നിലത്തിരുത്തുകയും ചൂരല്‍ വടി ഉപയോഗിച്ച്‌ തല്ലുകയും ചെയ്തത്. വിദ്യാര്‍ഥിനിക്ക് ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.
 ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് ആറന്മുള പൊലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.എന്നാല്‍ കുട്ടിയെ ബോധപൂര്‍വ്വം താൻ മര്‍ദിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകൻ ബിനോജ് പൊലീസിന് നല്‍കിയ മൊഴി.

Back to top button
error: