മുംബൈ: മഹാരാഷ്ട്രയിയില്‍ ഭാര്യയേയും അനന്തരവനേയും കൊലപ്പെടുത്തിയ ശേഷം പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജീവനൊടുക്കി. അമരാവതി എസിപി ഭാരത് ഗെയ്ക്വാദാണ് ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചത്. ഗെയ്ക്വാദിന്റെ ഭാര്യ മോനി (44), അനന്തരവന്‍ ദീപക് ്(35) എന്നിവരാണ് കൊല്ലപ്പെട്ടത്.
പുണെയില്‍ ഗെയ്ക്വാദിന്റെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഗെയ്ക്വാദ് ശനിയാഴ്ചയാണ് പുണെയിലെ ബനേര്‍ പ്രദേശത്തുള്ള വീട്ടിലേക്ക് അവധിക്ക് വന്നതെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ മൂന്നേകാലോടെ ഭാര്യയുടെ തലയില്‍ വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് എസിപിയുടെ മകനും അനന്തരവനും വാതില്‍ തുറന്ന് പുറത്തിറങ്ങി. വാതില്‍ തുറന്നപ്പോള്‍ തന്നെ ദീപക്കിന്റെ നെഞ്ചിലേക്ക് എസിപി വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ഗെയ്ക്വാദ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നാണു പോലീസ് ഭാഷ്യം. വെടിവയ്ക്കാന്‍ സ്വകാര്യ തോക്കാണ് ഗെയ്ക്വാദ് ഉപയോഗിച്ചതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുന്ന സമയത്ത് ഗെയ്ക്വാദിന്റെ മാതാവും രണ്ട് ആണ്‍മക്കളും മറ്റു ബന്ധുക്കളും വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം. വെടിയൊച്ച കേട്ട ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്.