KeralaNEWS

ക്ഷേത്ര നടത്തിപ്പിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ശമ്ബളത്തില്‍നിന്ന് സംഭാവന നല്‍കണം;ജില്ല പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍ 

കോഴിക്കോട്: ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ശമ്ബളത്തില്‍നിന്ന് സംഭാവന നല്‍കണമെന്ന ജില്ല പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍.

കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിനായി 20 രൂപ വീതം മാസം തോറും നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.പണം നല്‍കാൻ താല്‍പര്യമില്ലാത്തവരുടെ വിവരങ്ങള്‍ ജൂലൈ 24നകം ജില്ല പൊലീസ് ഓഫിസില്‍ അറിയിക്കണമെന്ന നിര്‍ദേശമുണ്ട്.

Signature-ad

പണം പിരിക്കുന്ന രീതിക്കെതിരെ പൊലീസില്‍ തന്നെ അതൃപ്തിയുയര്‍ന്നിട്ടുണ്ട്. പണം നല്‍കാൻ താല്‍പര്യമുള്ളവരുടെ വിവരം ശേഖരിച്ചാല്‍ പോരേയെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. സംഭാവന നല്‍കാത്തവരുടെ വിവരങ്ങള്‍ വാങ്ങി സേനക്കുള്ളില്‍ ബോധപൂര്‍വം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ആക്ഷേപമുണ്ട്. ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി നടത്തിപ്പ് ചുമതലയില്‍നിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ പൊലീസുകാരുടെ ശമ്ബളത്തില്‍നിന്ന് പണം പിരിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.

സര്‍ക്കുലറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ തീരുമാനം പിന്നീട് പിൻവലിച്ചു. കമ്മിറ്റിയുടെ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്.

അതേസമയം ജില്ലാ പൊലീസ് മേധാവി മതേതര ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ക്ഷേത്രത്തോടുള്ള ഈ മമതയും ക്ഷേത്ര നടത്തിപ്പിനുള്ള നിര്‍ബന്ധ പിരിവും ആഭ്യന്തര വകുപ്പ് തീരുമാനിച്ചതാണോ എന്നും സാംസ്കാരിക പ്രവര്‍ത്തകൻ ഡോ. ആസാദ് ചോദിച്ചു. നാട്ടിലെ ദേവാലയങ്ങളുടെ ചുമതല ആരാണ് പൊലീസിനെ ഏല്‍പ്പിച്ചതെന്നും സംഘ്പരിവാര സ്വപ്നത്തിലേക്ക് നമ്മുടെ നാടിനെ കൊണ്ടുപോകാൻ പൊലീസ് സൈന്യവും രംഗത്തിറങ്ങിയതാവുമോയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം ഭദ്രകാളി ക്ഷേത്രം മാത്രമല്ല പട്ടാളപ്പള്ളിയും അപ്പുറം സി.എസ്.ഐ പള്ളിയുമുണ്ടെന്നും എല്ലാ ഭരണവും പൊലീസ് ഏല്‍ക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Back to top button
error: