കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കുടുംബം പറയുന്നയാളെ സ്ഥാനാര്‍ഥിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു. മകനോ മകളോ, ആരായിരിക്കും സ്ഥാനാര്‍ഥി എന്ന ചോദ്യത്തിനു അത് കുടുംബം തീരുമാനിക്കുമെന്നായിരുന്നു സുധാകരന്റെ മറുപടി.
”വിഷയത്തില്‍ ആദ്യം ചര്‍ച്ച നടക്കേണ്ടത് അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. സ്ഥാനാര്‍ഥി ആര് വേണമെന്ന് കുടുംബമാണ് തീരുമാനിക്കുന്നത്. കുടുംബം നിര്‍ദേശിക്കുന്ന പേര് പാര്‍ട്ടി അംഗീകരിക്കും. പുറത്തുനിന്ന് സ്ഥാനാര്‍ഥിയുണ്ടാകില്ല.” -കെ.സുധാകരന്‍ വ്യക്തമാക്കി.
പുതുപ്പള്ളി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. ഉമ്മന്‍ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ചൂണ്ടിക്കാട്ടി ചെറിയാന്‍ ഫിലിപ്പ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇത്തരം പോസ്റ്റുകള്‍ ശരിയല്ലെന്നും വിഷയത്തില്‍ അഭിപ്രായ പ്രകടനങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു.