Movie

കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ മജിസ്ട്രേട്ട് ചിരിക്കുന്നു, ‘ന്നാ താന്‍ കേസ് കൊട് സിനിമയിലെ സ്വതസിദ്ധമായ അഭിനയ മികവിന് സംസ്ഥാന അവാര്‍ഡ്

   നാടകങ്ങളുടെ നടപ്പാതയിലൂടെയാണ് പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റർ സിനിമയുടെ വിശാലവീഥിയിലേയ്ക്കു നടന്നു കയറിയത്. കുട്ടികളുടെ സാംസ്കാരിക സംഘടനായായ ബാലസംഘത്തിന്റെ ജില്ലയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കുട്ടിക്കാലം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സ്‌കൂള്‍ വാര്‍ഷിക  നാടകങ്ങളിലും, നാട്ടിലെ മനീഷ  തിയറ്റേഴ്സിലും, എ.കെ.ജി കലാവേദിയുടെ നാടകങ്ങളിലും മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍എന്‍ പിള്ള നാടകമത്സരങ്ങളിലും, തെരുവ്- സ്റ്റേജ് നാടകങ്ങളിലുമൊകെ നിറസാന്നിധ്യമായിരുന്നു. നാടകങ്ങളാണ് സിനിമയിലെ അഭിനയത്തിന് അനുഭവ സമ്പത്തായത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ ജനകീയനായ മജിസ്ട്രേട്ടിന്റെ വേഷമാണ് കുഞ്ഞികൃഷ്ണന്‍ മാസറ്റര്‍ക്ക് മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. ആദ്യമായാണ് കാസര്‍കോട് ജില്ലക്കാരനായ ഒരു നടന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര  പുരസ്കാരം ലഭിക്കുന്നത്.

‘എന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലേയ്ക്ക് അപേക്ഷ അയക്കാന്‍ നിര്‍ബന്ധിച്ചത് മഴവില്‍ മനോരമയിലെ ‘മറിമായ’ത്തിലൂടെ പ്രശസ്തനായ ചെറുവത്തൂരിലെ ഉണ്ണിരാജായിരുന്നു. ഇദ്ദേഹം അയച്ച രണ്ടുഫോട്ടോയില്‍ ഒന്ന് പശുത്തൊഴുത്തില്‍ നിന്നുള്ളതായിരുന്നു. മറ്റൊന്ന് തിരഞ്ഞെടുപ്പ് ഫ്ലെക്സ് ബോര്‍ഡിനായി ഉപയോഗിച്ച പുഞ്ചിരിക്കുന്ന ഫോട്ടോയുമായിരുന്നു. ഇതാണ് സിനിമയിലേക്കുള്ള എന്‍ട്രി നിശ്ചയിച്ചത്.

Signature-ad

സിനിമയിലേക്ക് അയച്ച ഫോട്ടോ കണ്ട് കാസ്റ്റിംഗ് ഡയറക്ടര്‍ രാജേഷ് മാധവന്‍ വിളിച്ചു. മൂന്ന് ഘട്ടത്തിലായുള്ള അഭിമുഖത്തിനും 10 ദിവസത്തെ പ്രീഷൂടിനും ശേഷമാണ് സിനിമയിലേക്ക് തെരഞ്ഞെടുത്തത്. തുടക്കത്തില്‍ ഷൂട്ടിംഗ് ഏറെ ബുദ്ധിമുട്ടായിരുന്നു. പുതുമുഖമായത് കൊണ്ട് പല തവണ റീ ടേക് എടുക്കേണ്ടി വന്നു.

സ്വന്തം നാടിന്റെ കഥ പറയുന്ന സിനിമയായത് കൊണ്ട് ഭാഷയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സംവിധായകന്‍ രതീഷ് പൊതുവാള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഒപ്പമുള്ളവരുടെ സഹകരണവും തനിക്ക് ലഭിച്ചു. സിനിമയില്‍ കൂടുതലും പുതുമുഖങ്ങളായിരുന്നു. നാട്ടുകാരായ അഡ്വ. ഗംഗാധരന്‍, അഡ്വ. സി ഷുക്കൂര്‍ എന്നിവര്‍ക്കൊപ്പം മജിസ്ട്രേട്ടായി അഭിനയിച്ച തനിക്ക് വലിയ പ്രയാസം നേരിടേണ്ടിവന്നില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു . ഡയലോഗുകള്‍ തെറ്റിയാല്‍ പോലും പെട്ടെന്ന് പറഞ്ഞു പഠിപ്പിക്കാന്‍ സംവിധായകന്‍ കാണിച്ച സൗമനസ്യം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയലാർ രാമവർമ്മ സാംസ്കാരിക വേദി പുരസ്കാരം, പ്രേംനസീർ പുരസ്കാരം, മലയാള പുരസ്കാരം, ബിഗ്സ്‌ക്രീൻ അവാർഡ്, കലാഭവൻ മണി പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇതിനകം 9 സിനിമകളില്‍ അഭിനയിച്ചു. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. പഞ്ചവത്സര പദ്ധതി, ഒരു പെരുങ്കളിയാട്ടം, കണ്ണൂർ സ്ക്വാഡ്, കാസർഗോൾഡ്, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകൾ അടുത്തുതന്നെ  പുറത്തിറങ്ങും.
കൊറോണ പേപ്പേഴ്സ്, മദനോത്സവം എന്നി  സിനിമകളിലും നല്ല വേഷങ്ങൾ ലഭിച്ചു.

ഉദിനൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ നിന്ന് ഹിന്ദി അധ്യാപകനായി വിരമിച്ച കുഞ്ഞികൃഷ്ണന്‍ സിനിമയില്‍ അഭിനയിച്ച കാര്യം അയല്‍വാസികള്‍ പോലും അറിയുന്നത് സിനിമയുടെ ട്രീസര്‍ വന്നപ്പോഴാണ്.
ഉദിനൂരിനടുത്തുള്ള തടിയന്‍ കൊവ്വല്‍ സ്വദേശിയാണ് പി പി കുഞ്ഞികൃഷ്ണന്‍. പടന്ന ഗ്രാമപഞ്ചായതിലെ ഒമ്പതാം വാര്‍ഡ് മെമ്പറാണ് എല്‍ഡിഎഫുകാരനായ കുഞ്ഞികൃഷ്ണൻ. ഭാര്യ സരസ്വതി അധ്യാപികയാണ്. മക്കള്‍: സാരംഗ്, ആസാദ്.

Back to top button
error: