ദുബൈ: വൻ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയർപോർട്ട് ആൻഡ് ട്രാവൽ സർവീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തിൽ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.
യാത്രാ ആവശ്യങ്ങൾ ശക്തമാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വർഷം വൻ ലാഭവർധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളിൽ 1,500 പേരെ ദുബൈയിൽ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്തു. എയർപോർട്ട് കസ്റ്റമർ സർവീസ്, ബാഗേജ് ഹാൻഡ്‌ലിങ്, അടുക്കള ജീവനക്കാർ, കോൾ സെന്റർ ഓപ്പറേറ്റേഴ്‌സ്, ട്രാവൽ ഏജൻസികൾ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക.
ഇതിന് പുറമെ വിദഗ്ധ തൊഴിൽ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞർ, മറ്റ് മാനേജ്‌മെന്റ് തസ്തികകൾ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വർഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയർത്തിയിരുന്നു. പ്രതിവർഷം കരാർ വ്യവസ്ഥയിലാണ് നിയമനം. നിലവിൽ 46,000 ജീവനക്കാരാണ് ഡിനാറ്റയിലുള്ളത്.