അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിനുവെക്കുന്ന തിരുനക്കര മൈതാനിയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും എത്തി.
ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ നാട്ടകം പിന്നിട്ടു. പൊതുദർശനത്തിനായി അരമണിക്കൂറിനുൽള്ളിൽ തിരുനക്കരെ എത്തും. മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ രാഷ്ട്രീയ–സിനിമ രംഗത്തെ പ്രമുഖരടക്കം തിരുനക്കര മൈതാനതെത്തി.
ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ രാപ്പകൽ ഭേദമില്ലാതെ ജനങ്ങൾ കാത്തുനിന്നപ്പോൾ എംസി റോഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ അഞ്ചരയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചുതന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയെന്നാണ് നടന്‍ മമ്മൂട്ടി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചത്. ‘ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകുമെന്നും മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ ഒപ്പം സഞ്ചരിച്ച് മന്ത്രി വി എൻ വാസവൻ. തിരുവനന്തപുരത്തു നിന്ന് വിലാപയാത്ര തുടങ്ങിയപ്പോൾ മുതൽ മന്ത്രിയും ഔദ്യോഗിക വാഹനത്തിൽ തൊട്ടുപിന്നാലെ ഉണ്ടായിരുന്നു.
കേരളത്തിന്റെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് സംസ്ഥാനം നൽകുന്ന ആദരമായി ഇതിനെ കണ്ടാൽ മതിയെന്നാണ് ഇതേകുറിച്ച് മന്ത്രി വി എൻ വാസവൻ പറഞ്ഞത്. സംസ്ഥാനത്തിന് കോട്ടയം ജില്ല നൽകിയ വലിയ സംഭാവനയാണ് ആ വ്യക്തിത്വം. രണ്ട് രാഷ്ട്രീയചേരികളിൽ പ്രവർത്തിച്ചപ്പോഴും അദ്ദേഹം തികഞ്ഞ സൗഹൃദം നിലനിർത്തി. എല്ലാ പ്രശ്നങ്ങളിലും സംയമനം പുലർത്തുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. കോൺഗ്രസിന്റെ ഏറ്റവും സൗമ്യമുഖമായിരുന്നു അദ്ദേഹമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് തുടങ്ങിയവർ പങ്കെടുക്കും.