KeralaNEWS

കേരളം വിതുമ്പുന്നു, ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ ഏഴിന് തിരിക്കും; കോട്ടയത്ത് ഗതാഗത നിയന്ത്രണം

    ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും കോട്ടയത്തേക്ക് പുറപ്പെടും. ആദ്യം കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും. തുടർന്നാണ് പുതുപ്പള്ളിയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കുക.

കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയ്ക്കുള്ള വാഹനം കെഎസ്ആർടിസി തയാറാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.

വൈകുന്നേരത്തോടെയാണ് ഭൗതികശരീരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കുക. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികശരീരം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.

ഗതാഗത നിയന്ത്രണം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശവസംസ്കാര ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്ന് വരുന്ന വലിയവാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജങ്ഷനിൽ എത്തി ചാലുകുന്ന് മെഡിക്കൽകോളജ് വഴി പോകണം.

കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോകണം. എം.സി. റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴനിന്ന് ബൈപ്പാസ് റോഡ്‌, ഈരയിൽക്കടവ് വഴി ബസേലിയോസ് കോളജ് കവലയിലെത്തി പോകണം. വലിയ വാഹനങ്ങൾ മണിപ്പുഴ ജങ്ഷനിൽനിന്ന് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം. നാഗമ്പടം പാലത്തിൽനിന്ന് വരുന്ന വാഹനങ്ങൾ നാഗമ്പടം ബസ്‌ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എം.എൽ റോഡിലൂടെ കോടിമതയിലെത്തിപോകണം.

കുമരകം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ബേക്കർ ജങ്ഷനിലെത്തി സീസർ ജങ്ഷൻ വഴി വലത്തോട്ടുതിരിഞ്ഞ് ബസ്‌സ്റ്റാൻഡ് റോഡിലൂടെ പോകണം. നാഗമ്പടം സ്റ്റാൻഡിൽനിന്ന് കാരാപ്പുഴ, തിരുവാതുക്കൽ, ഇല്ലിക്കൽ ഭാഗത്തേക്കുപോകേണ്ട ബസുകൾ ബേക്കർ ജങ്ഷനിലെത്തി അറുത്തൂട്ടി തിരുവാതുക്കൽവഴി പോകണം. കെ.കെ. റോഡിലൂടെവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ടറേറ്റ്, ലോഗോസ്, ശാസ്ത്രിറോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ്‌സ്റ്റാൻഡിലേക്കും പോകണം.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

തിരുനക്കര അമ്പലം മൈതാനത്ത് സർക്കാർ വകുപ്പുകളുടെ വാഹനങ്ങൾ മാത്രം. കാർ തുടങ്ങി ചെറുവാഹനങ്ങൾക്ക് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനം, സി.എം.എസ്. കോളേജ് റോഡ്‌, തിരുനക്കര ബസ്റ്റാൻഡ്, ജെറുസലേം പള്ളി മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. കുര്യൻ ഉതുപ്പ് റോഡ്‌, ഈരയിൽക്കടവ് ബൈപ്പാസ് എന്നിവിടങ്ങളിൽ ബസ്‌ തുടങ്ങി വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാമെന്ന് ജില്ലാ പോലീസ് മേധാവി അറയിച്ചു.
പുതുപ്പള്ളിയിൽ വ്യാഴാഴ്ച രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

കോട്ടയത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് ഉച്ചയ്ക്കു ശേഷം സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു.

Back to top button
error: