KeralaNEWS

ആളും ആരവവുമില്ല; ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം

തിരുവനന്തപുരം:പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം.

കഴിഞ്ഞ നാല്‍പ്പത്തിരണ്ട് വര്‍ഷക്കാലമായി ഉമ്മൻചാണ്ടി താമസിച്ച വസതിയാണ് ജഗതി സുദര്‍ശൻനഗറിലെ പുതുപ്പള്ളി ഹൗസ്.

പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള ആത്മബന്ധമാണ് തന്റെ വസതിക്കും മണ്ഡലത്തിന്റെ പേര് നാമകരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വന്തം വീടിന്റെ പേര് മണ്ഡലത്തിന്റെ പേരാക്കി മാറ്റിയ ആദ്യ ജനപ്രതിനിധി എന്ന ബഹുമതിയും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.

Signature-ad

എന്നും ജനങ്ങളോടൊപ്പം അടുത്തിടപഴകിയിരുന്ന ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി ഹൗസില്‍ ഏത് സമയത്തും ആര്‍ക്കും കടന്ന് ചെല്ലാനായി അനുവാദം നല്‍കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളെ അവഗണിച്ചായിരുന്നു അദ്ദേഹം പുതുപ്പള്ളി ഹൗസിന്റെ വാതായനങ്ങള്‍ ജനങ്ങള്‍ക്കായി തുറന്നിട്ടിരുന്നത്.

ആറരവര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ വര്‍ഷവും അദ്ദേഹം താമസിച്ചിരുന്നത് പുതുപ്പള്ളി ഹൗസിലായിരുന്നു. പിന്നീട് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയെങ്കിലും പുതുപ്പള്ളി ഹൗസ് അടച്ചിട്ടിരുന്നില്ല.

ഇടയ്ക്കൊക്കെ അദ്ദേഹം അവിടെ വന്നുപോയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നവര്‍ വേദനയോടെ ഓര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളും വളര്‍ന്നത് ഈ വീട്ടിലായിരുന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലായിരുന്നു കുട്ടികളെ പഠനത്തിന് ചേര്‍ത്തിരുന്നത്.

പ്രതിപക്ഷ നേതാവായിരുന്ന കാലയളവില്‍ പോലും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പുതുപ്പള്ളി ഹൗസായിരുന്നു. സംസ്ഥാന രാഷ്ട്രിയത്തില്‍ ഏറെ പ്രാധാന്യമുള്ള പല സംഭവങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പാരന്പര്യവും പുതുപ്പള്ളി ഹൗസിനാണ്.

ഒരുദിവസത്തിലെ 24 മണിക്കൂറില്‍ അദ്ദേഹം ഉറങ്ങാൻ കിടന്നിരുന്നത് ചുരുങ്ങിയ സമയം മാത്രമായിരുന്നു. പുലര്‍ച്ചെ രണ്ടിന് പോലും അദ്ദേഹത്തെ കാണാനും പരാതികളും സങ്കടങ്ങളും ബോധിപ്പിക്കാനുമായി ധാരാളം പേരാണ് പുതുപ്പള്ളി ഹൗസിലെത്തിയിരുന്നത്.

ജനങ്ങള്‍ക്ക് വേണ്ടി പൂര്‍ണസമയവും കര്‍മ്മനിരതനായിരുന്ന ഉമ്മൻചാണ്ടിയുടെ തലസ്ഥാനത്തെ മുഖമാണ് പുതുപ്പള്ളി ഹൗസ്. വിവിധ ആവശ്യങ്ങള്‍ക്കായി മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയ പരാതികളിലെല്ലാം അദ്ദേഹം പരിഹാരം കണ്ടിരുന്നു. പുതുപ്പള്ളി ഹൗസ് സ്ഥിതിചെയ്യുന്ന സുദര്‍ശൻ നഗര്‍ റസിഡന്റ്സ് അസോസിയേഷനിലെ നിവാസികളും ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ അതീവ ദുഃഖിതരാണ്.

Back to top button
error: