12 മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തി നിതിആയോഗ് നടത്തിയ കുടുംബാരോഗ്യ സര്‍വെ പ്രകാരം ദാരിദ്ര്യത്തെ ഏറ്റവും ഫലപ്രദമായി ഒഴിവാക്കിയ സംസ്ഥാനം കേരളമാണ്. 2015–16ല്‍ കേരളത്തില്‍ ജനസംഖ്യയുടെ 0.70 ശതമാനം ദാരിദ്ര്യത്തെ അഭിമുഖീകരിച്ചിരുന്നുവെങ്കില്‍ 2019–21ല്‍ ഇത് 0.50 ശതമാനമായി താഴ്‌ന്നുവെന്നും നിതി ആയോഗിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ അമ്ബതിനായിരത്തില്‍ അധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിന് കേരളത്തിന് സാധിച്ചു.
ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക ജില്ല എന്ന നേട്ടം പുതിയ സര്‍വെ പ്രകാരം എറണാകുളം നേടി. മുന്‍സര്‍വെയില്‍ എറണാകുളത്ത് ജനസംഖ്യയുടെ 0.10ശതമാനമാണ് ദാരിദ്ര്യത്തെ അഭിമുഖീകരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 0 ശതമാനത്തിലേക്ക് എത്തി. പക്ഷേ കഴിഞ്ഞ വര്‍ഷം ദാരിദ്ര്യമില്ലാത്ത ജില്ല എന്ന ഖ്യാതി നേടിയ കോട്ടയത്തില്‍ പുതിയ സര്‍വേ പ്രകാരം 0.14 ശതമാനം പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു. പോഷകാഹാരത്തിലെ പുരോഗതി, ശിശു-കൗമാര മരണങ്ങള്‍, മാതൃ ആരോഗ്യം, വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍നില, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, പാര്‍പ്പിടം, സ്വത്ത്നി, ബാങ്ക് അക്കൌണ്ട് എന്നിങ്ങനെ നിതി ആയോഗ് പരിശോധിച്ച 12 മാനദണ്ഡങ്ങളിലും കേരളമാണ് മുന്നിലെത്തിയിട്ടുള്ളത്.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും 1 ശതമാനത്തില്‍ താഴെ മാത്രമാണ് ദാരിദ്ര്യമുള്ളത്. ദാരിദ്ര്യത്തിന്‍റെ കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ല വയനാടാണ്. വയനാട്ടിലെ ജനസംഖ്യയുടെ 2.82 ശതമാനം ദാരിദ്ര്യം നേരിടുന്നുവെന്ന് നിതി ആയോഗ് പറയുന്നു.