നാടോടിക്കഥകളില്‍ മാത്രം കേള്‍ക്കുന്ന, അത്ഭുത പ്രണയ ബന്ധത്തോടുപമിക്കാവുന്നതാണ് ഇവരുടെ പ്രണയകഥയെന്നതാണ് കാരണം. മൊബൈല്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാൻ ഭര്‍ത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകള്‍ വെല്ലുവിളികളെ അതിജീവിച്ചാണ് നാലുകുട്ടികളെയുമെടുത്ത് സീമ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്.
മെയ് മാസത്തിലാണ് സീമ ഹൈദര്‍ ഇന്ത്യൻ കാമുകനായ 22കാരൻ സച്ചിനെ തേടി ഇന്ത്യയിലെത്തിയത്. ഒരുമാസത്തോളം ആരുമറിയാതെ താമസിച്ചെങ്കിലും പിന്നീട് സംഭവം പുറത്തറിഞ്ഞു. ദുബായ്, നേപ്പാള്‍ വഴിയായിരുന്നു യാത്ര. സച്ചിനൊപ്പം ജീവിച്ചാല്‍ മതിയെന്നും പാകിസ്ഥാനിലേക്കില്ലെന്നുമാണ് സീമയുടെ നിലപാട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയാണ് സീമയുടെ സ്വദേശം.ഇവരുടെ സഹോദരൻ പാക്കിസ്ഥാൻ സൈന്യത്തിൽ ഉദ്യോഗസ്ഥനാണ്.
എന്നാല്‍, നിയമപരമായ തടസ്സങ്ങള്‍ക്കൊപ്പം ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമായി ഇവരുടെ പ്രണയം മാറിയേക്കാമെന്നും അഭിപ്രായമുയരുന്നു. സീമ ഹൈദറെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ചില ഹിന്ദുത്വ സംഘടനകൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.സീമാ ഹൈദര്‍ പാക് ചാരയാണെന്ന് വരെ ആരോപണമുയരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം സീമ ഹൈദര്‍, സച്ചിൻ, സച്ചിന്റെ പിതാവ് നേത്രപാല്‍ സിങ് എന്നിവരെയും ചോദ്യം ചെയ്തു. തന്റെ സഹോദരന്‍ പാകിസ്താന്‍ സൈന്യത്തിലുണ്ടെന്ന് സമ്മതിച്ച യുവതി, സൈന്യത്തിലെ പദവിയോ വകുപ്പോ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ വ്യക്തമാക്കാൻ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
30 കാരിയായ യുവതിയെ ജൂലൈ 4 ന് ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതയായത് മുതല്‍ സച്ചിനൊപ്പമാണ് യുവതി കഴിയുന്നത്.
സീമയെ തിരിച്ചയച്ചില്ലെങ്കില്‍ മുംബൈ മോഡല്‍ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനിലെ തീവ്രവിഭാഗം സംഘടനയും ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഒളിച്ചോട്ടത്തിന് പ്രചോദനം പ്രണയം മാത്രമാണെന്ന് പാതിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസികള്‍ സര്‍ക്കാരിനെ അറിയിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.