മല്ലപ്പള്ളി:ആനിക്കാട് പഞ്ചായത്തിലെ കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം.
മാസങ്ങള്‍ക്കു മുൻപ് നടന്ന മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തില്‍ താറുമാറായി കിടന്ന പടുതോട് – എഴുമറ്റൂര്‍ റോഡിനൊപ്പം കാവനാല്‍ കടവ് – നെടുങ്കുന്നം റോഡും നന്നാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പടുതോട്-എഴുമറ്റൂര്‍ റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കിയെങ്കിലും കാവനാല്‍ കടവ് – നെടുംങ്കുന്നം റോഡിന്റെ കാര്യത്തില്‍ തീരുമാനമായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനിക്കാട് പഞ്ചായത്തിലെ പ്രധാന പാതയാണിത്.
കാവനാല്‍കടവ് മുതല്‍ നൂറോമ്മാവ് വരെയുള്ള 2 കിലോമീറ്റര്‍ ദൂരമാണ് കൂടുതല്‍ തകര്‍ന്നുകിടക്കുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള കാല്‍നടയാത്രയും ദുഷ്‌കരമാണ്. ഇതുമൂലം മറ്റ് വഴികളിലൂടെ കിലോമീറ്ററുകള്‍ അധികദൂരം ചുറ്റേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.