KeralaNEWS

തുമ്പോളിയിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്ക് പകരം പുതിയവ 31നകം എസ്ബിഐ തയ്യാറാക്കി നല്‍കണമെന്ന് ജില്ല കലക്ടറുടെ നിർദ്ദേശം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങൾക്ക് പകരം പുതിയവ ഈ മാസം 31 നകം എസ്ബിഐ തയ്യാറാക്കി നൽകണമെന്ന് ജില്ല കലക്ടറുടെ നിർദ്ദേശം. എസ് ബി ഐയുടെ സ്വന്തം ചെലവിൽ വേണം പുതിയ പ്രമാണങ്ങൾ ശരിയാക്കേണ്ടതെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ വ്യക്തമാക്കി. പത്ത് വർഷം ആധാരങ്ങൾക്കായി ബാങ്ക് കയറിയിറങ്ങി ഒരു ഫലവും ഇല്ലാതെ വന്നതോടെ മൽസ്യത്തൊഴിലാളികൾ നടത്തിയ ബാങ്ക് ഉപരോധമാണ് വിജയം കണ്ടത്.

ആധാരങ്ങൾ നഷ്ടപ്പെട്ടത് മൂലം ലൈഫ് മിഷൻ പദ്ധതിയിലെ വീട് വരെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് ജില്ലാ കളക്ടറുടെ തീരുമാനം. പ്രതിസന്ധി പരിഹരത്തിനായി ജില്ലാ കലക്ടർ ഹരിത വി കുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് എസ് ബി ഐ തന്നെ സ്വന്തം ചെലവിൽ പുതിയ ആധാരങ്ങൾ തയ്യാറാക്കണമെന്ന തീരുമാനം എടുത്തത്. ഈമാസം 31 നകം തന്നെ രേഖകളെല്ലാം ശരിയാക്കണം. രജിസ്ട്രാർ, തഹസീൽദാർ എന്നിവർ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് യോഗത്തിന് ശേഷം ജില്ല കലക്ടർ അറിയിച്ചു

Signature-ad

2005 ലാണ് അമലോൽഭവ എന്ന പേരിലുള്ള സ്വാശ്രയഗ്രൂപ്പ് രൂപീകരിച്ച് എസ് ബിഐയുടെ കൊമ്മാടി ശാഖയിൽനിന്ന് മൽസ്യത്തൊഴിലാളികൾ 25 ലക്ഷം രൂപ വായ്പയെടുത്തത്. ബിസിനസ് തകർന്നതോടെ തിരിച്ചടവ് മുടങ്ങി. പത്ത് വർഷം മുമ്പ് സർക്കാർ ഇടപെട്ട് വായ്പ തിരിച്ചടച്ചു. എന്നാൽ ഇന്ന് വരെയും ഇവരില് 17 പേർക്ക്, ഈടായി നൽകിയ പ്രമാണം തിരിച്ചു നൽകിയില്ല. ഇന്നലെ പിപി ചിത്തിരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ എസ് ബി ഐ റീജിയണൽ ഓഫീസ് ഉപരോധിച്ചപ്പോഴാണ് ആധാരങ്ങൾ നഷ്ടപ്പെട്ട കാര്യം ബാങ്ക് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതേ തുടർന്ന് ജില്ല കലക്ടർ ഹരിത വി കുമാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

Back to top button
error: