തിരുവനന്തപുരം: വിവാഹത്തലേന്ന് വീട്ടിലെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീ ലക്ഷ്മിയില്‍’ ജി.രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി. കേരളത്തെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിനു ശേഷമാണ് ശ്രീലക്ഷ്മി വിവാഹിതയായത്. വിനുവാണു വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
കൈപിടിച്ചു നല്‍കാന്‍ പിതാവ് ഇല്ലാത്തിന്റെ വേദന ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിച്ചിരുന്നു. എങ്കിലും രാജുവിന്റെ ആഗ്രഹം പൂര്‍ത്തിയായ സംതൃപ്തിയിലാണു ശ്രീലക്ഷ്മിയുടെ കുടുംബം. വര്‍ക്കലയിലെ ശാരദാമഠത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ച്, കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹപന്തലിലേക്ക് എത്തിയത്.
ശ്രീലക്ഷ്മിയുടെ വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കഴിഞ്ഞ മാസം 27ന് അര്‍ധരാത്രിയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ കൊലപാതകം. സല്‍ക്കാരപന്തലില്‍ വച്ച് രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വലിയവിളാകം ജെ.ജെ.പാലസില്‍ ജിഷ്ണു (ചിക്കു26), സഹോദരന്‍ ജിജിന്‍ (അപ്പു25), മനു ഭവനില്‍ മനു (26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന ജിഷ്ണുവിന്റെ ആവശ്യം ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ നിരസിച്ചതും മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിലുമുള്ള വിരോധമാണു കൊലപാതകത്തില്‍ കലാശിച്ചത്.