അടുത്തകാലത്ത് ഇത്രത്തോളം ഹൈപ്പ് ലഭിച്ച സിനിമ മലയാളത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പറഞ്ഞു വരുന്നത് മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബനെ’ കുറിച്ചാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് ആ ഹൈപ്പിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകനും അസോസിയേറ്റുമായ ടിനു പാപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
“ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റിൽ കുലുങ്ങും. ആ രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഇൻട്രോ”, എന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. ‘ചാവേർ’ സിനിമയുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുവാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യദിനം തിയറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ആരാധകനായിട്ടാകും താൻ വാലിബൻ കാണാൻ പോകുകയെന്നും ടിനു പറഞ്ഞു.
അടുത്തിടെ ആണ് വാലിബന്റെ ഷൂട്ടിംഗ് അവസാനിച്ചത്. ജയ്പൂരിൽ ആരംഭിച്ച ഷൂട്ടിംഗ് ചെന്നൈയിൽ അവസാനിക്കുക ആയിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെയില്ല. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. അച്ഛൻ- മകൻ റോളിലാകും മോഹൻലാൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചാവേർ ആണ് ടിനു പാപ്പച്ചന്റേതായി റിലീസിന് ഒരുങ്ങുന്നത്. മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചാവേറിൽ അഭിനയിക്കുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.