CrimeNEWS

ബംഗളൂരുവില്‍ കൊല്ലപ്പെട്ട സിഇഒ പനച്ചിക്കാട് സ്വദേശി; സുബ്രഹ്‌മണ്യന്റെ നിലവിളി കേട്ടെത്തിയ വിനുകുമാറിനെയും വെട്ടി

ബംഗളൂരു: ടെക് കമ്പനി എംഡിയും സിഇഒയും കൊല്ലപ്പെട്ട സംഭവത്തില്‍ വിശദാംശങ്ങള്‍ പുറത്ത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പകയും, താന്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിന് ഈ കമ്പനി ഭീഷണിയാകുമോയെന്ന സംശയവുമാണ് പ്രതി ഫെലിക്‌സിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എംഡി ഫനീന്ദ്ര സുബ്രഹ്‌മണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിനുകുമാര്‍ കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്.

പ്രതി ഫെലിക്‌സ്‌

നോര്‍ത്ത് ബംഗളൂരുവിലെ അമൃതഹള്ളിയില്‍ പമ്പ എക്സ്റ്റന്‍ഷനിലാണ് എയ്‌റോണിക്‌സ് മീഡിയ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ‘ജോക്കര്‍ ഫെലിക്‌സ്’ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഫെലിക്‌സ് ഉള്‍പ്പെടെ മൂന്നംഗം സംഘമാണ് ഓഫീസിലേക്ക് എത്തിയത്.

Signature-ad

ഫെലിക്‌സും സുബ്രഹ്‌മണ്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്ന് പിരിഞ്ഞതിന് പിന്നാലെ ഫെലിക്‌സ് സ്വന്തമായി കമ്പനി തുടങ്ങിയിരുന്നു. ഇതോടെ ഇവര്‍ ബിസിനസ് ശത്രുക്കളാവുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഫെലിക്‌സ് ഓഫീസിലെത്തിയാണ് ഇരുവരെയും വെട്ടുന്നത്. കത്തിയും വാളും ഉപയോഗിച്ചായിരുന്നു അക്രമം.

ഒരു ബൈക്കിലാണ് ഫെലിക്‌സും മറ്റു രണ്ടുപേരും സംഭവസ്ഥലത്തേക്ക് എത്തുന്നത്. സുബ്രഹ്‌മണ്യത്തെ കാണാനായിരുന്നു ഇവര്‍ വന്നത്. അല്‍പ്പസമയം കാത്തിരുന്നശേഷമാണ് ഇവര്‍ കണ്ടുമുട്ടിയത്. കുറച്ച് നേരം ഇരുവരും സംസാരിച്ചിരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫെലിക്‌സ് കത്തിയെടുത്ത് ആക്രമിക്കുന്നത്.

സുബ്രഹ്‌മണ്യത്തിന്റെ നിലവിളി കേട്ടാണ് വിനുകുമാര്‍ ഓടിയെത്തുന്നത്. ഇതോടെ ഫെലിക്‌സും സംഘവും ഇയാള്‍ക്കെതിരെയും തിരിഞ്ഞു. അക്രമം നടക്കുമ്പോള്‍ ഓഫീസില്‍ 10 ജീവനക്കാര്‍ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഫെലിക്‌സ് ടിക്ടോക് താരമാണെന്നും പോലീസ് പറയുന്നു.

Back to top button
error: