കര്‍ക്കിടകത്തിലെ കറുത്തവാവ് ദിവസം നടത്തുന്ന ബലിതര്‍പ്പണത്തില്‍ മരിച്ചുപോയ പൂര്‍വ്വികരെ ഓര്‍മ്മിക്കുകയും അവരോടുള്ള കര്‍ത്തവ്യമെന്നു വിളിക്കുന്ന പിതൃയജ്ഞം പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.
പിതൃക്കളുടെ തിഥിയായ അമാവാസിയില്‍ നടത്തുന്ന ബലിതര്‍പ്പണം മോക്ഷഭാഗ്യം നല്കുന്നുവെന്നാണ് വിശ്വാസം.എല്ലാ അമാവാസികളും ബലിതര്‍പ്പണത്തിനു യോജിച്ചതാണെങ്കിലും കര്‍ക്കിടകത്തിലെ അമാവാസിയില്‍ ഫലം ഏറും. പിതൃക്കള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ദക്ഷിണായന കാലത്തിലെ ആദ്യ ബലിതര്‍പ്പണം കൂടിയാണ് കര്‍ക്കിടകത്തിലെ കറുത്തവാവ് ദിനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവരുടെ കടമയാണ് കര്‍ക്കിടകത്തിലെ ബലിതര്‍പ്പണം.
വളരെ പണ്ടുകാലം മുതല്‍തന്നെ ‘ഇല്ലം, വല്ലം നെല്ലി’ എന്നതായിരുന്നു ബലിയിടുന്നതിന്‍റെ പ്രമാണം.യാത്രകളും ക്ഷേത്രങ്ങളും ഇത്രയും പ്രചാരത്തിലില്ലാതിരുന്ന സമയത്ത് വീടുകളില്‍ ആയിരുന്നു ഭൂരിഭാഗം പേരും ബലിയിട്ടിരുന്നത്.അതാണ് ‘ഇല്ലം’. കര്‍ക്കിടക ബലിതര്‍പ്പണത്തിന് പ്രാധാന്യമുള്ള ക്ഷേത്രങ്ങളെ കുറിക്കുന്നതാണ് വല്ലം, നെല്ലി എന്നിവ. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവയെയാണ് ഈ വാക്കുകളില്‍ ഉദ്ദേശിക്കുന്നത്. ബലിതര്‍പ്പണത്തിനും പിതൃപൂജകള്‍ക്കും കേരളത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണിത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിനാളുകളാണ് കര്‍ക്കിടകത്തിലെ അമാവാസിയില്‍ ഇവിടെ എത്തുന്നത്.
കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമെന്നാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവൻ ബലിതര്‍പ്പണം നടത്തുവാൻ കഴിയുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. മാതാവിലെ വധിച്ച പാപം തീര്‍ക്കാൻ പരശുരാമൻ ബലിതര്‍പ്പണം നടത്തുകയും അമ്മക്ക് പുനര്‍ജ്ജന്മം കൊടുക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന ഇവിടെ വരാൻ കഴിയുന്നതു തന്നെ വിശ്വാസികള്‍ക്ക് പുണ്യമാണ്.
മാത്രമല്ല, കര്‍ക്കിടക വാവിന് തിരുവല്ലം ക്ഷേത്രത്തില്‍ ബലിയര്‍പ്പിച്ചാല്‍ വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ഫലം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനുള്ളിലാണ് ഇവിടെ സാധാരണമായി പിതൃതര്‍പ്പണം നടത്തുന്നത്. ക്ഷേത്രത്തിലെ നാലമ്ബലത്തിന് ഉള്ളിലുള്ള ബലിമണ്ഡപങ്ങളിലാണ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കുന്നത്. പരശുരാമനെ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുവനന്തപുരം പത്മനാഭ സ്വാമിയുടെ തലഭാഗമാണ് തിരുവല്ലം ക്ഷേത്രം എന്നും വിശ്വാസിക്കപ്പെടുന്നു.
വടക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ദക്ഷിണ കാശി, സഹ്യമല ക്ഷേത്രം എന്നുമെല്ലാം ഇതറിയപ്പെടുന്നു. വര്‍ഷം മുഴുവനും ബലി തര്‍പ്പണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ട് .പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവ ഇവിടെ ചെയ്യാം. പരശുരാമൻ തന്‍റെ മാതാവിന്റെ ആത്മശാന്തിക്കായി ഇവിടെ ബലിതര്‍പ്പണം നടത്തിയിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ഇവിടുത്തെ പാപനാശിനി നദിയില്‍ മുങ്ങിനിവര്‍ന്നാല്‍ പാപങ്ങള്‍ മോചിക്കപ്പെടും എന്നും പറയപ്പെടുന്നു.
കര്‍ക്കിടകത്തിലെ കറുത്തവാവ് മാത്രമല്ല, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവ്, നവരാത്രി, ശിവരാത്രി, പുത്തരി, ചുറ്റുവിളക്ക് തുടങ്ങിയവയും ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളാണ്.
ഹൈന്ദവ വിശ്വാസമനുസരിച്ച് പിതൃക്കളെ ശ്രാദ്ധമൂട്ടുന്നതിന് ഏറെ പ്രധാന്യമുണ്ട്. മറ്റെന്തെല്ലാം നല്ല കാര്യങ്ങളും ദാനധര്‍മ്മങ്ങളും നടത്തിയാലും യഥാവിധി പിതൃതര്‍പ്പണം നടത്തിയില്ലെങ്കില്‍ അതിനൊന്നും പൂര്‍ണ്ണത കാണില്ലത്രെ. പൂര്‍വ്വികര്‍ക്ക് മോക്ഷം മാത്രമല്ല, പതൃബലി ഭക്തിപുരസ്സരം നടത്തുന്നവര്‍ക്ക് ഐശ്വര്യവും സമൃദ്ധിയും സമ്ബത്തും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. തങ്ങളുടെ മോക്ഷയാത്രയ്ക്കാവശ്യമായ വാവുബലി ആചരിച്ചില്ലെങ്കില്‍ പിതൃകോപം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.