കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറായിരുന്ന പ്രഭ്‌സുഖൻ ഗില്ലിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ് സി. ഒന്നര കോടി രൂപ വാർഷിക പ്രതിഫലത്തിലാണ് ഗില്ലുമായി ഈസ്റ്റ് ബംഗാൾ കരാറിലെത്തിയത്. ഇതോടെ ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ ഗോൾ കീപ്പറെന്ന നേട്ടവും ഗില്ലിന് സ്വന്തമായി.
നേരത്തെ ട്രാൻസ്‌ഫർ തുക സംബന്ധിച്ച് ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തർക്കമുണ്ടായിരുന്നു. ഒടുവിൽ 1.20 കോടി രൂപ ട്രാൻസ്ഫർ തുകയായി കേരളാ ബ്ലാസ്റ്റേഴ്സിന് നൽകിയാണ് ഈസ്റ്റ് ബംഗാൾ ഗില്ലുമായി കരാറിലെത്തിയത്. മൂന്ന് വർഷത്തേക്കാണ് 22കാരനായ ഗില്ലുമായി ഈസ്റ്റ് ബംഗാൾ കരാറിലെത്തിയത്. ഇത് പരസ്പര ധാരണയിൽ രണ്ട് വർഷം കൂടി നീട്ടാം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ആൽബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് 2021ലെ സീസണിൽ ഗിൽ ബ്ലാസ്റ്റേഴ്സിൻറെ ഒന്നാം നമ്പർ ഗോൾ കീപ്പറായത്. ഗില്ലിൻറെ ആക്രോബാറ്റിഗ് സേവുകൾ ഒട്ടേറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇരുപതാം വയസിൽ 2021-2022 ഐ എസ് എൽ സീസണിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയ ഗിൽ ഐ എസ് എല്ലിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോൾ കീപ്പറുമായി.
കഴിഞ്ഞ സീസണിൽ മഞ്ഞക്കുപ്പായത്തിൽ 19 മത്സരങ്ങൾ കളിച്ച പ്രഭ്സുഖൻ ഗിൽ നാലു ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിലെ പ്രകടനമികവിൻറെ അടിസ്ഥാനത്തിൽ ഗിൽ ഇന്ത്യൻ കുപ്പായവും അണിഞ്ഞു. ഗില്ലിൻറെ സഹോദരനും പ്രതിരോധ താരവുമായ ഗുർസിമ്രത് ഗില്ലും ഈസ്റ്റ് ബംഗാളുമായി രണ്ട് വർഷ കരാർ ഒപ്പിട്ടുണ്ട്. മുംബൈ സിറ്റി എഫ് സിയിൽ നിന്നാണ് 26കാരനായ ഗുർസിമ്രത് ഈസ്റ്റ് ബംഗാളിലെത്തുന്നത്.
ഐ എസ് എല്ലിന് മുന്നോടിയായുള്ള ഈസ്റ്റ് ബംഗാളിൻറെ പ്രീ സീസൺ ക്യാംപ് അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നാണ് കരുതുന്നത്. വി പി സുഹൈറാണ് ഈസ്റ്റ് ബംഗാളിലെ മലയാളി സാന്നിധ്യം. കേരളത്തിൻറെയും ഐ ലീഗിൽ ഗോകുലം കേരളയുടെയും പരിശീലകനായിരുന്ന ബിനോ ജോർജാണ് ഈസ്റ്റ് ബംഗാളിൻറെ സഹപരിശീലകൻ.