Health

ചര്‍മ രോഗങ്ങൾ മഴക്കാലത്ത് പടർന്ന് പിടിക്കും, മുന്നറിയിപ്പും പരിഹാരങ്ങളും

ഫംഗസ് അണുബാധയുള്‍പ്പെടെ ഒട്ടുമിക്ക ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന കാലമാണ് മഴക്കാലം. ശരീരത്തില്‍ ഈര്‍പ്പവും വിയര്‍പ്പും തങ്ങിനില്‍ക്കുന്നതാണു കാരണം. വെള്ളത്തില്‍ ഏറെ നേരം ചവിട്ടി നില്‍ക്കുന്നവരില്‍ ‘വളംകടി’യുണ്ടാകും. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങള്‍ പെട്ടെന്നു ബാധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാലുകള്‍ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. നനഞ്ഞ സോക്സുകള്‍ മാറാതെ കാലുകള്‍ നനഞ്ഞു തന്നെ ഇരുന്നാല്‍ അണുബാധയുണ്ടാകാം.

മഴയില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ ഈര്‍പ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ വിളിക്കുന്ന ‘ടിനിയ കോര്‍പറിസ്’ എന്ന രോഗം വരാം. ഇതു പകരാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍ക്കെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ തോര്‍ത്ത്, സോപ്പ് തുടങ്ങിയവ പൊതുവായി ഉപയോഗിക്കരുത്. ഈര്‍പ്പം നിറഞ്ഞ ബാക്ടീരിയ വളര്‍ച്ച കൂടുന്നതു മൂലം കാലിനു ദുര്‍ഗന്ധം വരുന്ന പിറ്റഡ് കെരറ്റൊളൈസിസ് എന്ന അസുഖവും മഴക്കാലത്ത് കൂടാറുണ്ട്. ചിലപ്പോള്‍ കാലിന്റെ അടിവശത്തു ചെറിയ കുഴികള്‍ പോലെ ഇതു മാറാം. ആന്റി ബാക്ടീരിയല്‍ ക്രീമാണു പുരട്ടേണ്ടത്. ചെറിയ ചാഴി പോലുള്ള അണുക്കള്‍ ശരീരത്തിന്റെ തൊലിയെ ബാധിക്കുന്നതു മൂലമുള്ള സ്‌കേബീസ് എന്ന രോഗവും മഴക്കാലത്ത് കൂടും. ഇതു മൂലം കൈവിരലുകള്‍, കക്ഷം, നെഞ്ച് ഭാഗത്ത്, ജനനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളില്‍ ചെറിയ കുരുക്കളും അസഹ്യമായ ചൊറിച്ചിലുമുണ്ടാകും.

Signature-ad

നഖത്തിലെ അണുബാധ, നഖവും തൊലിയും ചേരുന്ന ഭാഗത്തുണ്ടാകുന്ന പഴുപ്പ് എന്നിവയും വര്‍ഷക്കാലത്തു കൂടാനിടയുണ്ട്. മുഖക്കുരു, താരന്‍ തുടങ്ങിയവയും മഴക്കാലത്ത് കൂടും. കുളിച്ചു കഴിഞ്ഞു മുടി ഉണങ്ങുന്നതിനു മുന്‍പു തന്നെ ഹെല്‍മറ്റ് വച്ചു യാത്ര ചെയ്യേണ്ടി വരുന്നവരില്‍ ഈര്‍പ്പം നിറഞ്ഞു താരന്‍ കൂടും. ശരീരവും വസ്ത്രങ്ങളും ഈര്‍പ്പമില്ലാതെ സൂക്ഷിക്കുകയെന്നതാണു മഴക്കാലത്ത് ത്വക്രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി.

Back to top button
error: