ന്യൂഡല്‍ഹി: ‘തിരുത തോമ’ എന്ന രാഷ്ട്രീയ എതിരാളികളുടെ പരിഹാസം താന്‍ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെവി തോമസ്. വിളിക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പല വേദികളിലും തുറന്ന് പറഞ്ഞിട്ടുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദിരാഗാന്ധിയുടെ സമയത്ത് താന്‍ ലീഡര്‍ കരുണാകരന്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെവി തോമസ് മനസ് തുറന്നത്.
ഇന്ദിരാഗാന്ധിയുടെ കാലത്ത് ലീഡര്‍ കരുണാകരന്‍, കേരളത്തില്‍ നിന്ന് അയക്കേണ്ട സാധനങ്ങളെക്കുറിച്ച് ലിസ്റ്റ് തരും. ആ കൂട്ടത്തില്‍ മത്സ്യവും ഉണ്ടാകും. ഇന്ദിരാജിയെ ഏല്‍പ്പിക്കാന്‍ ലീഡര്‍ ആവശ്യപ്പെട്ടു, താന്‍ അത് അനുസരിച്ചു. മറ്റ് പ്രധാനമന്ത്രിമാരുടെ കാലത്തും ഈ രീതി തുടര്‍ന്നുവെന്ന് കെവി തോമസ് പറയുന്നു. കൂടാതെ, സോണിയ ഗാന്ധി തിരുത മത്സ്യം കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പങ്കിടലില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണ് വരുന്നത്. മത്സ്യം പിടിക്കാന്‍ പോകുമ്പോള്‍ കൂടുതല്‍ ലഭിച്ചാല്‍ അത് അടുത്തുള്ളവര്‍ക്ക് കൊടുക്കും. ഡല്‍ഹിയില്‍ താമസിക്കുമ്പോഴും വലിയ തോതില്‍ കൃഷിയുണ്ടായിരുന്നു. ഓണമാകുമ്പോള്‍ എല്ലാവര്‍ക്കും അതില്‍ വിന്നും വീതം കൊടുക്കാറുണ്ട്. അത് കൊണ്ട് തിരുത വിളി വേദനിപ്പിച്ചിട്ടില്ല. സുഹൃത്തുക്കള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് സമയത്ത് അത് പ്രചാരണ വിഷയമാക്കി മാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നെഹ്രു കുടുംബമാണെന്നും സോണിയ ഗാന്ധിയോടും നെഹ്രു കുടുംബത്തോടും തനിക്ക് നന്ദിയുണ്ടെന്നും കെവി തോമസ് പറഞ്ഞു എന്നാല്‍, രാഹുല്‍ ഗാന്ധിയുമായി തനിക്ക് അങ്ങനെയൊരു ബന്ധവുമില്ല. പ്രായവ്യത്യാസമായിരിക്കാം കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി പറയുന്നു. പ്രധാനമന്ത്രിയുടെ കേരളത്തോടുള്ള സമീപനം മികച്ചതാണെന്നും അദ്ദേഹവുമായി നല്ല അടുപ്പമുണ്ടെന്നും കെവി തോമസ് പറഞ്ഞു.