KeralaNEWS

വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ 72കാരന് ചിതയൊരുങ്ങിയത് റോഡിൽ; വീട്ടമ്മയുടെ മൃതദേഹം ജെസിബിയിൽ റോഡിലെത്തിച്ചു

പത്തനംതിട്ട: വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ 72കാരന് ചിതയൊരുങ്ങിയത് റോഡില്‍. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത പി സി കുഞ്ഞുമോന് (72) വേണ്ടിയാണ് റോഡില്‍ ചിതയൊരുക്കേണ്ടി വന്നത്.
തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ കഴിഞ്ഞിരുന്ന കുഞ്ഞുമോന്റെ വീടും സമീപ പ്രദേശങ്ങളുമാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുങ്ങിയത്. തുടര്‍ന്ന് അയ്യനാവേലി റോഡില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വേങ്ങല്‍ പാടശേഖരത്തോടു ചേര്‍ന്ന റോഡിലാണ് താല്‍ക്കാലിക ചിതയൊരുക്കിയത്. ഇന്നലെ 12 മണിയോടെയായിരുന്നു സംസ്‌കാരം.
വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞുമോനെ വെള്ളത്തിലൂടെ സാഹസികമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. വേങ്ങലിലും സമീപ പ്രദശങ്ങളിലും പൂര്‍ണമായും വെള്ളം കയറിക്കിടക്കുകയാണ്. മൃതദേഹം സംസ്‌കരിക്കാൻ മറ്റു വഴികള്‍ ഇല്ലാതെ വന്നതോടെ വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പാലത്തിന്റെ സമീപം റോഡില്‍ സംസ്‌കാരം നടത്താൻ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വെള്ളക്കെട്ടാൽ ചുറ്റപ്പെട്ട വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റോഡിൽ എത്തിച്ചത്.ചാത്തങ്കരി ലവ് ഡേയില്‍ റിട്ടയേഡ് ബാങ്ക് മാനേജര്‍ പി.ടി. മാധവന്‍റെ ഭാര്യ അച്ചാമ്മ(62)യാണ് മരിച്ചത്.
മൃതദേഹം ജെസിബിയുടെ സഹായത്തോടെ പെരിങ്ങര പഞ്ചായത്ത് മുക്കിനു സമീപം എത്തിച്ച്‌ ആംബുലന്‍സില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.

Back to top button
error: