Movie

സുരേഷ് ഗോപിയുടെ എസ്.പി ഹരീഷ് മാധവനും ബിജുമേനോന്റെ പ്രൊഫസർ നിഷാന്തും  നേർക്കുനേർ പോരാടുന്ന ‘ഗരുഡൻ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

     മലയാള സിനിമയിലെ കരുത്തുറ്റ രണ്ടുനടന്മാരാണ് സുരേഷ് ഗോപിയും, ബിജുമേനോനും. ഇവരുടെ കോമ്പിനേഷനിൽ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുരേഷ് ഗോപി നായകനിരയിലേക്കു കടന്നപ്പോൾ ബിജു മേനോൻ ഉപനായകനും പ്രതിനായകനും ഒക്കെ ആയിരുന്നു.

മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ  ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവരുടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
ഇതിനിടയിൽ ഈ കോമ്പിനേഷന് നീണ്ട ഇടവേള വന്നു. സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി നിന്നതും, അപ്പോഴേക്കും ബിജു മേനോൻ നായകനിരയിലേക്കു കടന്നു വന്നതും ഈ ഇടവേളക്കു കാരണമായി എന്നു പറയാം.
പതിമൂന്നു വർഷത്തെ ഇടവേളയാണ് അഭിനയരംഗത്ത് ഇവർക്കിടയിൽ ഉണ്ടായത്. അതിനു വിരാമമിട്ടു കൊണ്ടാണ് ഇപ്പോൾ ‘ഗരുഡൻ’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാൻ ഇരുവരും എത്തിയിരിക്കുന്നത്.
നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’ മാജിക്ക് ഫ്രംയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.
കൊച്ചിയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിതത്തിൽ സുരേഷ് ഗോപിയാണ് ആദ്യം ജോയിൻ്റ് ചെയ്തത്.
ജിസ് ജോയ്‌യുടെ ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ബിജു മേനോൻ ‘ഗരുഡ’നിലേയ്ക്ക് വന്നത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നടന്ന ചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയത്.
വലിയ ജനപങ്കാളിത്തമുള്ള ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്.
ലീഗൽ ത്രില്ലർ ചിത്രമായ ‘ഗരുഡ’നിൽ പൊലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപികനും തമ്മിലുള്ള നിയമ പോരാട്ടത്തിൻ്റെ കഥയാണ് പറയുന്നത്.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിർത്തിയിരിക്കുന്നത്.
ഇരുവരുടേയും അഭിനയത്തിൻ്റെ മാറ്റുരക്കുന്ന മുഹൂർത്തങ്ങളാൽ ഏറെ സമ്പന്നമായിരിക്കും ഈ ചിത്രം.
നിരവധിസൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ജഗദീഷ്, സിദ്ദിഖ്, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, മേജർ രവി, ബാലാജി, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, ചൈതന്യാ പ്രകാശ്, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ജിനേഷ്.എം.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി .
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ് .
കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്
ഫോട്ടോ- ശാലു പേയാട്.

Back to top button
error: