മുംബൈ: നേതൃത്വവുമായി ഉള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ പാർട്ടിയിൽ നിന്ന് രണ്ടുമാസത്തേക്ക് അവധിയെടുത്തു. പാർട്ടിയിൽ തന്നെ ഒതുക്കുകയാണെന്ന് പങ്കജ പരസ്യമായി പ്രതികരിച്ചിരുന്നു. താൻ കോൺഗ്രസിൽ ചേരുകയാണെന്ന പ്രചാരണം നുണയാണ്. എന്നാൽ എൻസിപിയുടെ എൻഡിഎ പ്രവേശനം പാർട്ടിക്കുള്ളിൽ അസംതൃപ്തരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും പങ്കജ വിശദമാക്കി.
ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പങ്കജ മുണ്ടേ അവധിയെടുത്തിരിക്കുന്നത്. അതേ സമയം എൻസിപി ബിജെപി സഖ്യത്തിനെതിരെ പാർട്ടിയിൽ ചിലർക്ക് എതിർപ്പുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. എൻസിപിക്കെതിരെ ഏറെക്കാലം പോരടിച്ച നേതാക്കൾക്ക് ഈ സഖ്യം അത്ര എളുപ്പത്തിൽ അംഗീകരിക്കാനാവില്ലെന്നാണ് ഫട്നാവിസ് പ്രതികരിച്ചത്. പങ്കജ മുണ്ടേയുടെ തിരിച്ച് വരവ് സംബന്ധിച്ച് ദേശീയ നേതൃത്വം വിശദമാക്കുമെന്നും ഫട്നാവിസ് പറഞ്ഞു. അതേസമയം പങ്കജ മുണ്ടേ കോൺഗ്രസിലേക്കെന്ന് വാർത്ത നൽകിയ ചാനലിനെതിരെ മാനഹാനിക്ക് പരാതി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മകൾ കൂടിയായ പങ്കജ മുണ്ടേ പ്രതികരിച്ചു.
2019ൽ ബന്ധുവായ ധനഞ്ജയ് മുണ്ടേയ്ക്കെതിരെ തോറ്റതിന് പിന്നാലെയാണ് പങ്കജ മുണ്ടേയെ 2020ൽ ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിയമിക്കുന്നത്. തൻറെ ധാർമ്മികതയ്ക്കെതിരെ അടക്കം പാർട്ടിയിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നതായും വ്യാപകമായി ദുഷ് പ്രചാരണം നടന്നതായും പങ്കജ മുണ്ടേ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ജൂൺ രണ്ടാം വാരത്തിൽ കമിതാക്കളെ ബഹുമാനിക്കണമെന്ന് പങ്കജ മുണ്ടേ പ്രതികരിച്ചത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.മധ്യപ്രദേശിലെ ജബൽപൂരിൽ ലൗവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് രണ്ട് ആളുകളെ ഒന്നിച്ച കൊണ്ടുവരുമ്പോൾ അതിനെ ബഹുമാനിക്കണമെന്നാണ് പങ്കജ മുണ്ടേ പറഞ്ഞത്. പ്രണയത്തിന് അതിർത്തികൾ ഇല്ല, അവർ പ്രണയത്തിന് വേണ്ടി മാത്രം ഒന്നായതാണെങ്കിൽ അതിനെ ബഹുമാനിക്കണമെന്നും അവർ വിശദമാക്കിയിരുന്നു.