പത്തനംതിട്ട: ജില്ലയിൽ മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ടെന്നും ആരും പരിഭ്രാന്തി പരത്തരുതെന്നും ജില്ലാ കളക്ടർ ഡോ: ദിവ്യ എസ് അയ്യർ അറിയിച്ചു.
ജില്ലയിൽ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി പതിനൊന്നു മണി വരെ ലഭിച്ച മഴയുടെ തോത് പരിശോധിച്ചാൽ നിലവിൽ ആശങ്കകൾക്കകൾക്ക് അടിസ്ഥാനമില്ല എന്ന് കാണാം. രാത്രി 11.30 ന് ലഭിച്ച റഡാർ ചിത്രങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളനുസരിച്ചു ജില്ലയിലെ വന മേഖലയിലും നദികളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴയുടെ തോത് കുറയാനുള്ള സാധ്യതയാണ് കാണുന്നത്.
കോട്ടയം, ഇടുക്കി ജില്ലകളിൽ ലഭിച്ച ശക്തമായ മഴയിൽ മണിമലയാറിൽ കല്ലൂപ്പാറ ഗേജിൽ ജലനിരപ്പ് അപകടനില താണ്ടിയെങ്കിലും ഇനി വരും മണിക്കൂറുകളിൽ കുറയുവാനുമുള്ള സാധ്യതയാണ് കാണുന്നത്. പമ്പാ നദിയിൽ മാടമൺ, മാലക്കര ഗേജുകളിൽ നിലവിൽ ജലനിരപ്പ് കുറയുന്നതായി കാണുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായ നിരീക്ഷണവും, ആവശ്യമായ ക്രമീകരണങ്ങളും നടത്തി വരുന്നുണ്ട്. അനാവശ്യമായ ഭീതി പരത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പരത്താതിരിക്കുക.
ആശങ്ക വേണ്ട, ജാഗ്രത മാത്രം-ജില്ലാ കലക്ടർ അറിയിച്ചു.
കാലവര്‍ഷം കനത്തിട്ടും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിക്കാത്തതില്‍ വ്യാപക വിമര്‍ശനമുയർന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് കലക്ടറുടെ മറുപടി.