LocalNEWS

കാഴ്ചപരിമിതർക്കായുള്ള ഒളശ ഹൈസ്‌കൂൾ മികവിന്റെ കേന്ദ്രം; ഒളശ ഹൈസ്‌കൂളിന്റെ വികസനത്തിന് രണ്ടുകോടി രൂപ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം: കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ആദ്യഘട്ടമായി രണ്ടുകോടി രൂപ അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഔദ്യോഗികപ്രഖ്യാപനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഠന, പാഠ്യേതര മേഖലകളുമായി ബന്ധപ്പെട്ടു കാഴ്ചപരിമിതർക്കു ലോകത്ത് എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാണോ അവയെല്ലാം മികവിന്റെ കേന്ദ്രം എന്ന നിലയിൽ ഈ സ്‌കൂളിൽ ലഭ്യമാക്കും. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ അഞ്ചു വർഷംകൊണ്ട് ഘട്ടം ഘട്ടമായി ഇവ പൂർത്തീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ സാധ്യമാകുമ്പോഴെല്ലാം മുഖ്യധാരാ സ്‌കൂളുകളിലേക്ക് സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസനയമാണു സർക്കാരിന്റേത്. ഇവർക്കു സമപ്രായക്കാരുടെ അതേ ഉള്ളടക്കം ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ബ്രെയിലി പാഠപുസ്തകങ്ങളും അധ്യാപന സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കേരളം വിവിധ സഹായ സാങ്കേതിക വിദ്യകൾ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Signature-ad

സ്കൂളിന്റെ വികസനപദ്ധതികൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്നു തുക ലഭ്യമാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരളത്തിലെ കാഴ്ചപരിമിതർക്കായുള്ള സ്‌കൂളുകളിൽ ഏറ്റവും മികച്ച സ്‌കൂളായി ഒളശ ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനു ശിവപ്രസാദ്, സുനിത അഭിഷേക്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് എസ്. ശ്രീകുമാർ, ഒളശ സ്‌കൂൾ പ്രഥമ അധ്യാപകൻ ഇ.ജെ. കുര്യൻ, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. വിഷി ടോം തോമസ്, പി.ടി.എ. പ്രസിഡന്റ് പി. ജയകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലതകുമാരി, കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് ബിനു കെ. ഭാസ്‌കർ എന്നിവർ പ്രസംഗിച്ചു.

2022-23 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ ഒളശ കാഴ്ചപരിമിതർക്കുള്ള സ്‌കൂളിലെ അനിലമോൾ, ആൽവിൻ ജെ.പ്രദീപ്, ജോയൽ സിജോ എന്നിവർക്കുള്ള പുരസ്‌കാരവും എസ്്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ മറ്റു വിദ്യാർഥികൾക്കുള്ള പുരസ്‌കാരവും മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. സ്‌കൂളിന്റെ 2023-24 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ സമർപ്പണവും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കുട്ടികൾക്കായി സ്പോൺസർ ചെയ്ത ഇലക്ട്രോണിക് ടൂത്ത് ബ്രഷിന്റെ വിതരണവും പോലീസ് അസോസിയേഷൻ ലഭ്യമാക്കിയ പഠനോപകരണവിതരണവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

Back to top button
error: