KeralaNEWS

നദികളില്‍ ജലനിരപ്പ് ഉയരുന്നു; കോട്ടയത്ത് ജാഗ്രതാ നിർദ്ദേശം

കോട്ടയം:ഒറ്റദിവസത്തെ ശക്തമായ മഴയില്‍ ജില്ലയിലെ പ്രധാന നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മലയോര മേഖലയായ കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍, മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളില്‍‍ ശക്തമായ മഴയാണ്.
പുല്ലുകയാറില്‍ കൂട്ടിക്കല്‍ ചപ്പാത്ത് ഭാഗത്ത് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയുമാണ് പ്രദേശത്ത്.
ഇന്നലെ പുലര്‍ച്ചെമുതല്‍ ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. അടുത്ത മൂന്നു ദിവസം ജില്ലയുടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിശക്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അതിശക്ത മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും അപകടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കണം. അതിശക്തമായ മഴമുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കണം. ദുരന്തസാധ്യതാ മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയാറാക്കി വയ്ക്കണമെന്നും ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Back to top button
error: